മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയ താരം പൃഥ്വ ഷാ ആണെന്നുള്ളതില്‍ സംശയമില്ല. രണ്ട് ഇന്നിങ്‌സിലും പൂര്‍ണ പരാജയമായിരുന്നു താരം. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍, മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് എന്നിവരെല്ലാം വിമര്‍ശകരായിരുന്നു. അടുത്ത ടെസ്റ്റില്‍ താരത്തെ ഒഴിവാക്കണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഇതിനെല്ലാം മറുപടിയെന്നോണമെന്നുള്ള അര്‍ത്ഥത്തില്‍ വൈറലാവുകയാണ് പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. സ്‌റ്റോറിയില്‍ പറയുന്നതിങ്ങനെ... ''നിങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാര്യത്തില്‍ നിന്ന് ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ട് എങ്കില്‍, നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്നും അവര്‍ക്ക് കഴിയില്ലെന്നുമാണ് അതിനര്‍ഥം.'' പൃഥ്വി വ്യക്തമാക്കി. 

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താരം മോശം ഫോമിലാണ്. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ എന്നിവരെ മറികടന്ന് താരത്തെ ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത് തന്നെ പലരിലും ആശ്ചര്യമുണ്ടാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മിച്ചല്‍  സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് പന്ത് മാത്രമായിരുന്നു ആയുസ്. പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കുകയായിരുന്നു.