ഓപ്പണിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ മിന്നും ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയശേഷമാണ് റുതുരാജ് ഐപിഎല്ലിനെത്തുന്നത്.


അഹമ്മദാബാദ്: രണ്ട് മാസം നീണ്ടും നില്‍ക്കുന്ന ഐപിഎല്‍ പൂരത്തിന് നാളെ അഹമ്മദാബാദില്‍ കൊടിയേറുകയാണ്. നാലു തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. നായകന്‍ എം എസ് ധോണിയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ആശങ്കയാണെങ്കിലും നാളെ നയിക്കാന്‍ ധോണിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. ധോണിക്ക് കളിക്കാനായില്ലെങ്കില്‍ ബെന്‍ സ്റ്റോക്സ് ആകും ചെന്നൈയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈയുടെ സാധ്യതാ ടീം എങ്ങനെയെന്ന് നോക്കാം.

ഓപ്പണിംഗില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ മിന്നും ഫോമിലാണ് ചെന്നൈയുടെ പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയശേഷമാണ് റുതുരാജ് ഐപിഎല്ലിനെത്തുന്നത്. റുതുരാജിനൊപ്പം ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ ചെന്നൈയുടെ ഓപ്പണറായി എത്തും. മൂന്നാം നമ്പറില്‍ അംബാട്ടി റായുഡു ഇറങ്ങും. മൊയീന്‍ അലി നാലാം നമ്പറിലും ബെന്‍ സ്റ്റോക്സ് അഞ്ചാം നമ്പറിലും എത്തുമ്പോള്‍ ശിവം ദുബെ, എം എസ് ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ചെന്നൈയുടെ ബാറ്റിംഗ് നിര.

'അസാമാന്യ പ്രതിഭയാണ് അവന്‍', സഞ്ജുവിനെക്കുറിച്ച് ജോ റൂട്ട്

ബൗളിംഗ് നിരയിലാണ് ചെന്നൈക്ക് ചെറിയ ആശങ്കയുള്ളത്. ദീപക് ചാഹറും മുകേഷ് ചൗധരിയുമാകും ടീമിന്‍റെ പേസ് ആക്രമണത്തെ നയിക്കാനെത്തുക. കിവീസ് താരം മിച്ചല്‍ സാന്‍റനര്‍ കൂടി സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ കളിക്കും. ബെന്‍ സ്റ്റോക്സ് സീസണിലെ ആദ്യ മത്സരങ്ങളില്‍ പന്തെറിയില്ലെങ്കിലും ശിവം ദുബെ, രവീന്ദ്ര ജഡേജ, മൊയീന്‍ അലി എന്നിവരുടെ ഓള്‍ റൗണ്ട് മികവ് ചെന്നൈക്ക് തുണയാവും.

ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ടീം

ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, മൊയീൻ അലി, ബെൻ സ്റ്റോക്‌സ്, ശിവം ദുബെ, എംഎസ് ധോണി , രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുകേഷ് ചൗധരി, മിച്ചൽ സാന്‍റ്നർ.

ഇംപാക്ട് പ്ലേയര്‍

ഇത്തവണ ഐപിഎല്ലില്‍ നടപ്പാക്കുന്ന ഇംപാക്ട് പ്ലേയര്‍ രീതി അനുസരിച്ച് നാല് കളിക്കാരെ ടോസ് സമയത്ത് തന്നെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇവരിലൊരാളാകും ഏതെങ്കിലും കളിക്കാരന് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങുക. അജിങ്ക്യാ രഹാനെ, ഷെയ്ക്ഖ് റഷീദ്, നിഷാന്ത് സിന്ധു, രാജ്‌വർധൻ ഹംഗാരേക്കർ എന്നിവരിലൊരാളാകും ചെന്നൈയുടെ ഇംപാക്ട് പ്ലേയറാകുക.