തോല്‍വിക്കുശേഷം ടീമിന്‍റെ മെന്‍ററായ മുന്‍ പേസര്‍ വസീം അക്രവും ബാബര്‍ അസമും തമ്മില്‍ ബൗണ്ടറി ലൈനിനരികില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍(Pakistan Super League) ബാബര്‍ അസം(Babar Azam) നയിക്കുന്ന കറാച്ചി കിംഗ്സ്(Karachi Kings) തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റനെ പിന്തുണച്ച് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt) രംഗത്തെത്തി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പാക് ടീമിന്‍റെ നായകന്‍ കൂടിയായ ബാബര്‍ നയിക്കുന്ന കറാച്ചി കിംഗ്സിന് ഇതുവരെ ഒറ്റ ജയം പോലും നേടാനാവാതെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ഇന്നലെ നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനോടും(Multan Sultans) ബാബറിന്‍റെ കറാച്ചി കംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തിനിടെ ടീമിന്‍റെ മെന്‍ററായ മുന്‍ പേസര്‍ വസീം അക്രം ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ബാബര്‍ അസമിനോട് ദേഷ്യപ്പെടുന്ന വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബാബറിനെ പിന്തുണച്ച് മുന്‍ നായകന്‍ കൂടിയായ സല്‍മാന്‍ ബട്ട് രംഗത്തെത്തിയത്. എം എസ് ധോണിയെയോ റിക്കി പോണ്ടിംഗിനെയോ ബംഗ്ലാദേശിന്‍റെ നായകനാക്കിയാലും അവര്‍ക്ക് ലോകകപ്പ് ജയിക്കാനാവില്ലല്ലോ എന്നായിരുന്നു ബട്ടിന്‍റെ പ്രസ്താവന.
ബാബറിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന സമ്മര്‍ദ്ദം ശക്തമായിരിക്കെയാണ് ബട്ടിന്‍റെ പ്രസ്താവന. ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും ബട്ട് പറഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ടീമില്‍ സന്തുലനമില്ലെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് കൂടുതലൊന്നും ചെയ്യാനാവില്ല. ടൂര്‍ണമെന്‍റിന് ഒരാഴ്ച മുമ്പ് മാത്രമാണ് ബാബറിന് ഈ ടീം അംഗങ്ങളെ ലഭിച്ചത്.
ടീമിലാകട്ടെ സ്പെഷലിസ്റ്റുകള്‍ ആരുമില്ല. അതുകൊണ്ടുതന്നെ നായകന്‍ എത്രവലിയ തന്ത്രജ്ഞനായിട്ടും കാര്യമില്ല. ടീമില്‍ ഓള്‍ റൗണ്ടര്‍മാരെ കുത്തി നിറച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടീമില്‍ സന്തുലനമില്ല. കറാച്ചി ടീമിലെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും ഓള്‍ റൗണ്ടര്‍മാരാണ്. മുഹമ്മദ് നബി, ഇമാദ് വാസിം, ല്യൂയിസ് ഗ്രിഗറി, ഉമൈദ് ആസിഫ്, ക്രിസ് ജോര്‍ദാന്‍ എന്നിവരെല്ലാം ഉള്ള ടീമില്‍ നല്ലൊരു പേസറോ നല്ല ഒരു ലെഗ് സ്പിന്നറോ ബാറ്ററോ ഇല്ല.
11 അംഗ ടീമില്‍ ഏഴോ എട്ടോ ഓള്‍ റൗണ്ടര്‍മാരാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ല. ടി20 സ്പെഷലിസ്റ്റുകളുടെ കളിയാണ്. ഓള്‍ റൗണ്ടര്‍മാരുടേതല്ല. കറാച്ചി കിംഗ്സ് ടീമില്‍ നാലു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലുള്ളവരെല്ലാം ഓള്‍ റൗണ്ടര്‍മാരാണെന്നും ബട്ട് പറഞ്ഞു.
