താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പൂജാരയെ സ്വന്തമാക്കിയത്. എന്നാല്‍ വിഹാരിയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിസും താല്‍പര്യം പ്രകടിപ്പിച്ചില്ല.  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ചേതേശ്വര്‍ പൂജാരയും ഹനുമ വിഹാരിയും. പൂജാരയ്ക്ക് ഈ സീസണില്‍ ഐപിഎല്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പൂജാരയെ സ്വന്തമാക്കിയത്. എന്നാല്‍ വിഹാരിയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിസും താല്‍പര്യം പ്രകടിപ്പിച്ചില്ല. 

മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വിഹാരി. ഇപ്പോള്‍ താരത്തെ ആരും സ്വന്തമാക്കത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പൂജാര. വിഹാരിയുടെ കാര്യത്തില്‍ വിഷമുണ്ടെന്നാണ് പൂജാര പറയുന്നത്. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഐപിഎല്‍ കളിക്കാത്ത ഇന്ത്യന്‍ താരം ഞാന്‍ മാത്രമായിരുന്നു. ഇത്തവണ വിഹാരിയാണ് ഐപിഎല്ലിന്റെ ഭാഗമല്ലാത്തത്. വിഹാരിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. കാരണം അദ്ദേഹം മുമ്പ് ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്.

ഈ സീസണിലും വിഹാരി ഐപിഎല്‍ കളിക്കണമായിരുന്നുവെന്ന് ആഗ്രഹിച്ചുപോകുന്നു. ഐപിഎല്ലിലേക്ക് വരാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഐപിഎല്‍ നഷ്ടപ്പെടുത്താന്‍ ഒരു താരവും ആഗ്രഹിക്കില്ല. കൗണ്ടി ക്രിക്കറ്റാണ് ഞാന്‍ കളിക്കാറ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ കൗണ്ടി കളിക്കാനായില്ല. 

ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കും. അടുത്തകാലത്ത് എനിക്ക് ഇന്ത്യന്‍ ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്റെ മൂല്യം അവര്‍ക്കറിയാം. ചെന്നൈ സ്വന്തമാക്കുമ്പോള്‍ ഫ്രാഞ്ചൈസികള്‍ കയ്യടിച്ചതായിട്ടാണ് അറിയുന്നത്. ടീമിലെ സഹതാരങ്ങള്‍ക്കും ഏറെ സന്തോഷമായത് ഞാനറിഞ്ഞു.'' പൂജാര പറഞ്ഞുനിര്‍ത്തി.

ചെന്നൈ ടീമിനൊപ്പം ഉണ്ടെങ്കിലും പൂജാരയ്ക്ക് അവസരം ലഭിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പ ഓപ്പണറുടെ റോളിലെത്തും. ഫാഫ് ഡു പ്ലെസിസ് അല്ലെങ്കില്‍ റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ആരെങ്കിലും സഹഓപ്പണറായി എത്തിയേക്കും.