Asianet News MalayalamAsianet News Malayalam

ഷൂ നന്നാക്കി മടുത്തു; സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന്റെ ദുരവസ്ഥയ്ക്ക് സഹായമെത്തി

ഓരോ പരമ്പര കഴിയുന്തോറും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്‌വെ ടീമിന്റെ അവസ്ഥയാണ് താരം പങ്കുവച്ചത്. തങ്ങളുടെ സഹായത്തിന് ഏതെങ്കിലും സ്‌പോണ്‍സര്‍മാരെത്തുമോ എന്നും ബേണ്‍ ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

Puma comes forward with sponsorship after Zimbabwe cricketer posts photo
Author
Harare, First Published May 23, 2021, 7:50 PM IST

ഹരാരെ: കഴിഞ്ഞ ദിവസം സിംബാബ്‌വെ ക്രിക്കറ്റ് താരം റ്യാന്‍ ബേളിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിരുന്നു. ഓരോ പരമ്പര കഴിയുന്തോറും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്‌വെ ടീമിന്റെ അവസ്ഥയാണ് താരം പങ്കുവച്ചത്. തങ്ങളുടെ സഹായത്തിന് ഏതെങ്കിലും സ്‌പോണ്‍സര്‍മാരെത്തുമോ എന്നും ബേണ്‍ ട്വീറ്റിലൂടെ ചോദിച്ചിരുന്നു.

ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ വന്‍ശക്തികളായിരുന്നു സിംബാബ്‌വെ. ആന്‍ഡി ഫ്‌ളവര്‍, ഹീത് സ്ട്രീക്ക്, ഗ്രാന്‍ഡ് ഫ്‌ളവര്‍, അലിസ്റ്റര്‍ ക്യാംപല്‍, ഹെന്റി ഒലോംഗ എന്നിവരെല്ലാം കളിച്ച ടീമായിരുന്നു അത്. എന്നാല്‍ ബേളിന്റെ ട്വീറ്റ് സിംബാബ്‌വെ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് വരച്ചുകാണിക്കുന്നത്. ഷൂ നന്നാക്കുന്നതിന്റെ ചിത്രം സഹിതം റയാന്‍ ബേള്‍ ട്വിറ്ററില്‍ പങ്കുവച്ചു. 

ഇന്നലെ ടീമിന്റെ അവസ്ഥ ട്വീറ്റ് ചെയ്യുമ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. സിംബാബ്വെ ദേശീയ ടീമില്‍ അംഗമായ ഒരാള്‍ക്ക് ഷൂ വാങ്ങാന്‍ നിര്‍വാഹമില്ലാതെ പോകുന്നതില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെയും (ഐസിസി) ഒട്ടേറെപ്പേരാണ് വിമര്‍ശനമുയര്‍ത്തിയത്.

ഇപ്പോള്‍ താരത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രമുഖ ബ്രാന്‍ഡായ 'പ്യൂമ ക്രിക്കറ്റ്'. ബേളിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് പ്യൂമ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം പരസ്യമാക്കിയത്. പ്യൂമ ക്രിക്കറ്റിനും സ്‌പോണ്‍സര്‍ഷിപ്പ് നേടാന്‍ പിന്തുണച്ച ക്രിക്കറ്റ് ആരാധകര്‍ക്കും നന്ദിയറിയിച്ച് ബേളും രംഗത്തുവന്നു.

ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണ് സിംബാബ്‌വെ. ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാണ് സിംബാബ്‌വെ ടീമിനെ പ്രതിസന്ധിയിലാക്കിയത്.  അടുത്തിടെ പാകിസ്ഥാനെതിരെ നടന്ന ടി20, ടെസ്റ്റ് പരമ്പരയില്‍ ടീം പരാജയപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios