ഫരീദ്‌കോട്ടില്‍ അരി, ഗോതമ്പ് ചാക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് പരംജീതിന്. പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ബാക്കി നടപടികള്‍ അധികം വൈകാതെ പൂര്‍ത്തിയാകുമെന്ന് മന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ചണ്ഡിഗഢ്: ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഹോക്കി താരത്തിന് സര്‍ക്കാറിന് കീഴില്‍ ജോലി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍. സംസ്ഥാന തലത്തില്‍ കളിച്ചിരുന്ന പരംജീത് കുമാറിനെയാണ് കായിക വകുപ്പിന് കീഴില്‍ പരീശീലകനായി നിയമിച്ചത്. പരംജീതുമായി സംസാരിക്കുന്ന വീഡിയോ മന്‍ ട്വീറ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായിട്ടാണ് ജോലി ചെയ്യുന്നതെന്ന് 30കാരനായ പരംജീത് വീഡിയോയില്‍ പറയുന്നുണ്ട്. 

ഫരീദ്‌കോട്ടില്‍ അരി, ഗോതമ്പ് ചാക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് പരംജീതിന്. പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ബാക്കി നടപടികള്‍ അധികം വൈകാതെ പൂര്‍ത്തിയാകുമെന്ന് മന്‍ വീഡിയോയില്‍ പറയുന്നുണ്ട്. കായികതാരങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ ജോലിയാണെന്ന് മന്‍ വ്യക്തമാക്കി. തന്റെ മകന്‍ ഹോക്കി താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും എന്നാല്‍ അതിനുള്ള സാമ്പത്തിക സ്ഥിതിയല്ല ഇപ്പോഴെന്നും പരംജീത് മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. അതിനുള്ള മറുപടിയും മന്‍ നല്‍കുന്നുണ്ട്. 

ജോലി ചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മന്‍ ഉറപ്പുനല്‍കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ജോലി ചെയ്യാനുള്ള എല്ല നല്ല സാഹചര്യവും ഒരുക്കിയിരിക്കും. കായികരംഗത്ത് പഞ്ചാബിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. ഹോക്കി നമ്മളുടെ പരമ്പരാഗത കായികയിനമാണ്. ഹോക്കി നേഴ്‌സറിയെന്നാണ് പഞ്ചാബ് അറിയപ്പെടുന്നുതും.'' മന്‍ മറുപടി നല്‍കി. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ പഞ്ചാബില്‍ സായ് കേന്ദ്രത്തില്‍ ജോലി ചെയ്തിട്ടുണ്ട് പരംജീത്. നിരവധി ഹോക്കി ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടാനായെന്നും പരംജീത് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടങ്കയ്യിന് പരിക്കേറ്റതോടെ പരംജീത് ഹോക്കിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ കരിയറിനും തീരുമാനമായി. ജീവിത ചെലവിന് പണമില്ലാതെ വന്നപ്പോഴാണ് പരംജീത് ചുമടെടക്കാന്‍ തുടങ്ങിയതെന്നും പരംജീത് മുഖ്യമന്ത്രിയോട് പറഞ്ഞു.