ഐപിഎല്ലില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. രണ്ട് തവണ അവര്‍ 223 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു.

കൊല്‍ക്കത്ത: ലോക ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സ് പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യം പഞ്ചാബ് 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (48 പന്തില്‍ 108) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 28 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന ശശാങ്ക് സിംഗിന്റെ ഫിനിഷിംഗ് ഇന്നിംഗ്‌സും അതുപോലെ പ്രശംസയര്‍ഹിക്കുന്നു. പ്രഭ്‌സിമ്രാന്‍ സിംഗ് (20 പന്തില്‍ 54) നല്‍കിയ തുടക്കവും നിര്‍ണായകമായിരുന്നു.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 259 റണ്‍സ് മറികടന്നിരുന്നു. അതായിരുന്നു ഇതുവരെ പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ചേസിംഗ്. സെഞ്ചൂറിയനിലായിരുന്നു ഈ മത്സരം. കഴിഞ്ഞ വര്‍ഷം തന്നെ സറെയ്‌ക്കെതിരെ മിഡില്‍സെക്‌സ് 253 റണ്‍സ് ചേസ് ചെയ്തത് മൂന്നാം സ്ഥാനത്തായി. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ 244 റണ്‍സ് നേടി ജയിച്ചിരുന്നു. ഓക്‌ലന്‍ഡിലായിരുന്നു മത്സരം. ബള്‍ഗേറിയ- സെര്‍ബിയ മത്സരവും പട്ടികയിലുണ്ട്. 2022ല്‍ 243 റണ്‍സ് ബള്‍ഗേറിയ പിന്തുടര്‍ന്ന് ജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്കെതിരെ, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 243 റണ്‍സ് നേടിയും ജയിക്കുകയുണ്ടായി.

പന്തും സഞ്ജുവും രാഹുലും ഇന്ന് കളത്തില്‍! ടി20 ലോകകപ്പ് ടീമില്‍ ആര് കളിക്കും? മൂവര്‍ക്കും ഇന്ന് അവസാന അവസരം

ഐപിഎല്ലില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. രണ്ട് തവണ അവര്‍ 223 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. രണ്ടാമത്തേത് കൊല്‍ക്കത്തയ്ക്കെതിരെ ഇതേ സീസണില്‍ തന്നെയായിരുന്നു. ആദ്യത്തേത് പഞ്ചാബിനെതിരെ 2020ലും. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ, മുംബൈ ഇന്ത്യന്‍സ് 219 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും പട്ടികയിലുണ്ട്. നേരത്തെ, ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.