ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ പ്രിയാന്‍ഷ് ആര്യയുടെയും ജോഷ് ഇംഗ്ലിസിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി.

ജയ്പൂര്‍: ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്‍റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്പ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു. ഏഴ് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്‍റെ ജയം.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ പ്രിയാന്‍ഷ് ആര്യയുടെയും ജോഷ് ഇംഗ്ലിസിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. പ്രിയാന്‍ഷ് ആര്യ 35 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ജോഷ് ഇംഗ്ലിസ് 42 പന്തില്‍ 73 റണ്‍സെടുത്തു. പ്രഭ്‌സിമ്രാൻ സിംഗ് 13 റണ്‍സുമായി പവര്‍ പ്ലേയില്‍ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 26 റണ്‍സുമായും നെഹാല്‍ വധേര രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.മുംബൈക്കായി മിച്ചല്‍ സാന്‍റ്നർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. സ്കോര്‍ മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ 184-7, പഞ്ചാബ് കിംഗ്സ് 18.3 ഓവറില്‍ 187-3. 

Scroll to load tweet…

മുംബൈ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പ‌ഞ്ചാബിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ട പഞ്ചാബിന് പക്ഷെ ദീപക് ചാഹര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍ പോലും നേടാനായില്ല. നേരിട്ട ആദ്യ എട്ട് പന്തില്‍ ഒരു റണ്‍ മാത്രമാണ് പ്രഭ്‌സിമ്രാന് നേടാനായത്. പ്രിയാന്‍ഷ് ആര്യ ഒരറ്റത്ത് അടിച്ചു തകര്‍ത്തെങ്കിലും അദ്യ മൂന്നോവറില്‍ പ്രഭ്‌സിമ്രാന് താളം കണ്ടെത്താനാവാഞ്ഞത് പഞ്ചാബിന്‍റെ താളം തെറ്റിച്ചു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞ നാലാം ഓവറില്‍ സിക്സും ഫോറും നേടി പ്രഭ്സിമ്രാന്‍ ഫോമിലായി. ആദ്യ ഓവര്‍ മെയ്ഡനാക്കിയ ചാഹര്‍ രണ്ടാം ഓവറില്‍ 16 റണ്‍സാണ് വഴങ്ങിയത്. ഇതിനിടെ പ്രഭ്‌സിമ്രാന്‍ നല്‍കിയ ക്യാച്ച് രോഹിത്തിന് പകരം ഇംപാക്ട് സബ്ബായി ഇറങ്ങിയ അശ്വിനി കുമാര്‍ നിലത്തിട്ടു.

എന്നാല്‍ നാലാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര മുംബൈക്ക് ആദ്യ ബ്രേക്ര് ത്രൂ നല്‍കി. ആദ്യ പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അടുത്ത പന്തില്‍ പ്രഭ്‌സിമ്രാനെ അശ്വിനി കുമാര്‍ തന്നെ തേര്‍ഡ്മാനില്‍ നിന്ന് ഓടിപ്പിടിച്ചു. 16 പന്തില്‍ 13 റണ്‍സായിരുന്നു പ്രഭ്‌സിമ്രാന്‍റെ സമ്പാദ്യം. അഞ്ചാം ഓവറില്‍ പ്രഭ്‌സിമ്രാനെ മടക്കിയ ബുമ്ര ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. ദീപക് ചാഹര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 12 റണ്‍സ് കൂടി നേടി പഞ്ചാബ് 47 റണ്‍സിലൊതുങ്ങി.

Scroll to load tweet…

പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഇംഗ്ലിസ് പിന്നീട് കത്തിക്കയറി. സാന്‍റ്നറെയും ഹാര്‍ദ്ദിക്കിനെയും അശ്വിനി കുമാറിനെയും നിലംതൊടാതെ പറത്തിയ ഇംഗ്ലിസും പ്രിയാന്‍ഷ് ആര്യയും ജസ്പ്രീത് ബുമ്രയെ മാത്രമാണ് കരുതലോടെ നേരിട്ടത്.പതിനൊന്നാം ഓവറില്‍ 100 കടന്ന പഞ്ചാബിനായി ഇംഗ്ലിസ് 29 പന്തിലും പ്രിയാൻഷ് ആര്യ 27 പന്തിലും അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പ്രിയാന്‍ഷിനെ(35 പന്തില്‍ 62) സാന്‍റ്നര്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. വിജയത്തിന് 14 റണ്‍സകലെ സാന്‍റ്നര്‍ ഇംഗ്ലിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും ശ്രേയസും നെഹാല്‍ വധേരയും ചേര്‍ന്ന് മുംബയുടെ ജയവും ക്വാളിഫയര്‍ യോഗ്യതയും ഉറപ്പാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. 39 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 24 റണ്‍സടിച്ചപ്പോള്‍ റിയാന്‍ റിക്കിൾടണ്‍ 27ഉം ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ 26ഉം റണ്‍സടിച്ചു. പഞ്ചാബിനായി മാര്‍ക്കോ യാന്‍സനും വിജയകുമാര്‍ വൈശാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക