ഓപ്പണിംഗ് വിക്കറ്റില്‍ 27 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും നാലാം ഓവറില്‍ ഹെഡിനെയും(21) മാര്‍ക്രത്തെയും(0) മടക്കി അര്‍ഷ്ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
മുല്ലൻപൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്സിന് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഹെഡ്ഡും ക്ലാസനും മാര്‍ക്രവും അഭിഷേക് ശര്‍മയും അടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ 37 പന്തില്‍ 64 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാലു വിക്കറ്റെടുത്തു.
തുടക്കത്തിലെ തകര്‍ന്നു
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 27 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും നാലാം ഓവറില്‍ ഹെഡിനെയും(21) മാര്‍ക്രത്തെയും(0) മടക്കി അര്‍ഷ്ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ പ്രതീക്ഷ നല്‍കിയ അഭിഷേക് ശര്‍മയെ(16) സാം കറനും മടക്കിയതോടെ ഹൈദരാബാദ് 39-3ലേക്ക് വീണു.
ഇംപാക്ട് സബ്ബായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിക്കും(11) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോളും തകര്‍ത്തടിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദ് സ്കോര്‍ ഉയര്‍ത്തിയത്. സ്കോര്‍ 100ല്‍ നില്‍ക്കെ ഹെന്‍റിച്ച് ക്ലാസന്‍(9) കൂടി മടങ്ങിയെങ്കിലും അബ്ദുള്‍ സമദും(12 പന്തില്‍ 25) നിതീഷ് റെഡ്ഡിയും അടി തുടര്‍ന്നതോടെ പഞ്ചാബ് പതിനേഴാം ഓവറില്‍ 150ല്‍ എത്തി.
നിതീഷ് റെഡ്ഡിയെ മടക്കിയ അര്‍ഷ്ദീപ് തന്നെയാണ് ഹൈദരാബാദിന് കടിഞ്ഞാണിട്ടത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ ഷഹബാസ് അഹമ്മദ്(7 പന്തില്‍ 14) അവസാന പന്ത് സിക്സിന് പറത്തിയ ജയദേവ് ഉനദ്ഘട്ടും ചേര്‍ന്ന് ഹൈദരാബാദിനെ 182 റണ്‍സിലെത്തിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 30 റണ്‍സിനും സാം കറന്‍ 41 റണ്‍സിനും രണ്ട് വിക്കറ്റെടുത്തു.
