കഴിഞ്ഞ സീസണിലെ 20 താരങ്ങളെ നിലനിർത്തിയാണ് ഐപിഎല്ലിലെ സന്തുലിത ടീമുകളിൽ ഒന്നായ ഗുജറാത്ത് ഇറങ്ങുന്നത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ ഓപ്പണിംഗ് ജോഡിയിൽ തുടങ്ങുന്ന ബാറ്റിംഗ് കരുത്ത്

മുള്ളൻപൂര്‍: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കന്നിക്കിരീടം സ്വന്തമാക്കാൻ കച്ചമുറുക്കിയാണ് പഞ്ചാബ് ഇറങ്ങുന്നത്. 2022ലെ അരങ്ങേറ്റ സീസണിൽ കിരീടം നേടിത്തുടങ്ങിയ ഗുജറാത്ത് ഐപിഎല്ലിൽ കഴിഞ്ഞ വർഷത്തെ മൂന്നാംസ്ഥാനക്കാരാണ്.

കഴിഞ്ഞ സീസണിലെ 20 താരങ്ങളെ നിലനിർത്തിയാണ് ഐപിഎല്ലിലെ സന്തുലിത ടീമുകളിൽ ഒന്നായ ഗുജറാത്ത് ഇറങ്ങുന്നത്. ശുഭ്മൻ ഗിൽ, സായ് സുദർശൻ ഓപ്പണിംഗ് ജോഡിയിൽ തുടങ്ങുന്ന ബാറ്റിംഗ് കരുത്ത്. പിന്നാലെ വരുന്ന ജോസ് ബട്ലറും ഗ്ലെൻ ഫിലിപ്സും തകർത്തടിക്കുന്നവർ. ഓൾ റൗണ്ട് മികവുമായി വാഷിംഗ്ടൺ സുന്ദറും രാഹുൽ തെവാത്തിയയും. ടി 20 ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ റാഷിദ് ഖാൻ നയിക്കുന്ന ബൌളിംഗ് നിരയിൽ സായ് കിഷോർ, ജേസൺ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കാഗിസോ റബാഡ, എന്നിവരുമുണ്ട്. ടീമിലെ മലയാളി സാന്നിധ്യമായ വിഷ്ണു വിനോദിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരമില്ല.

പ്രഭ്‌സിമ്രൻ സിംഗും ഓസീസ് താരം കൂപ്പര്‍ കൊണോലിയുമാണ് പഞ്ചാബിനായി ഇന്നിംഗ്സ് തുറക്കുന്നത്.സേവിയര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കസ് സ്റ്റോയ്നിസ്, മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയ്കുമാർ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, എം.ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, അശോക് ശർമ്മ, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക