Asianet News MalayalamAsianet News Malayalam

ആഫ്രിക്കൻ വീര്യവും ഏഷ്യൻ വമ്പും; ത്രില്ലറിന് ഒടുവിൽ ചിരി ഘാനയ്ക്ക്, പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ

​ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. ത്രില്ലർ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ​ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ​ഗോളുകളും വലയിലാക്കിയത് ചോ ​ഗ്യൂ സം​ങ് ആയിരുന്നു

FIFA WORLD CUP 2022 ghana beat south korea thriller match live updates
Author
First Published Nov 28, 2022, 8:31 PM IST

ദോഹ: വിജയമെന്ന ഒറ്റ ലക്ഷ്യവുമായി ഏജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പോരിനിറങ്ങിയ രണ്ട് സംഘങ്ങൾ അവസാന നിമിഷം വരെ വീര്യം ചോരാതെ കളം നിറഞ്ഞപ്പോൾ ഖത്തർ ലോകകപ്പിൽ പിറന്നത് മറ്റൊരു കാവ്യം. ​ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ഘാന വമ്പൻ വിജയം സ്വന്തമാക്കി. ത്രില്ലർ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ​ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ​ഗോളുകളും വലയിലാക്കിയത് ചോ ​ഗ്യൂ സം​ങ് ആയിരുന്നു.

തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് ദക്ഷിണ കൊറിയ ആയിരുന്നു. ആദ്യ പകുതിയിൽ ഘാന ​ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി കൊറിയൻ താരങ്ങൾ എത്തി. എന്നാൽ, കളിയുടെ ​ഗതിമാറ്റിയ ആദ്യ ​ഗോൾ 24-ാം മിനിറ്റിൽ പിറന്നു. ​ഏതുസമയത്തും ​ഗോൾ അടിക്കുമെന്ന പ്രതീതിയുണ്ടാക്കിയ കൊറിയയെ ഞെട്ടിച്ചാണ് ഘാന ലീഡ് എടുത്തത്. കൊറിയൻ പ്രതിരോധ നിരയുടെ പിഴവാണ് ​ഗോളിന് വഴിവെച്ചത്. ദക്ഷിണ കൊറിയൻ ബോക്സിലേക്ക് ജോർദാൻ ആയൂ തൊടുത്ത് വിട്ട പന്ത് ക്ലിയർ ചെയ്യാൻ പ്രതിരോധ സംഘത്തിന് കഴിഞ്ഞില്ല. മുഹമ്മദ് സാലിസുവിന്റെ ഇടംകാലൻ ഷോട്ട് കൊറിയയുടെ ഇടനെഞ്ച് തകർത്തു വലയിൽ കയറി.

10 മിനിറ്റിനകം രണ്ടാമത്തെ ​ഗോൾ നേടിയാണ് ആഫ്രിക്കൻ വീര്യം ചോരില്ലെന്നുള്ള കാര്യം ഏഷ്യൻ ശക്തികളെ ഘാന വീണ്ടും ഓർമ്മിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ മികവ് കാട്ടിയ മുഹമ്മദ് കുഡൂസ് ആണ് ഇത്തവണ ഘാനയ്ക്ക് സന്തോഷം നൽകിയത്. താരത്തിന്റെ ഹെ‍ഡർ ​ഗോൾ ആ​ദ്യ പകുതിയിൽ ഘാനയ്ക്ക് രണ്ട് ​ഗോൾ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ എല്ലാം മറന്ന് ആക്രമണം അഴിച്ചു വിടുന്ന ദക്ഷിണ കൊറിയക്ക് മുന്നിൽ ഘാന വിയർത്തു. ഘാന താരങ്ങളെ ഞെട്ടിച്ച് മിനിറ്റുകൾക്കുള്ളിൽ രണ്ട് ​ഗോൾ നേടിയാണ് കൊറിയ മത്സരത്തിലേക്ക് തിരിച്ച് വന്നത്.

ചോ ​ഗ്യൂ സം​ങിന്റെ പറക്കും ഹെഡ്ഡറുകൾക്ക് മുന്നിൽ ഘാന പ്രതിരോധം അമ്പേ പാളി. 58-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ വന്നത്. ബെഞ്ചിൽ നിന്ന് കളത്തിലെത്തി, അധികം നേരം കഴിയും മുമ്പ് തന്നെ ലീ കാം​ഗ് ഇൻ ഇടതു വിം​ഗിൽ നിന്ന് നൽകിയ കിടിലൻ ക്രോസിൽ ഡൈവിം​ഗ് ഹെഡ്ഡറിലൂടെയാണ് സം​ങ് കൊറിയയുടെ ഹീറോ ആയത്. രണ്ട് മിനിറ്റുകൾക്കുള്ളിൽ കൊറിയ സമനില ​ഗോളും കണ്ടെത്തി. ഇത്തവണ ഇടതു വിം​ഗിൽ നിന്ന് ക്രോസ് നൽകിയത് കിം ജിൻ സു ആണ്. പറന്നിറങ്ങിയ പന്തിൽ ഘാന പ്രതിരോധത്തിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെയുള്ള സംങിന്റെ പറക്കും ഹെഡ്ഡർ വലയെ തുളച്ചു.

കൊറിയക്കാരുടെ ആഘോഷം അധിക നേരം നീട്ടാൻ ഘാന അനുവദിച്ചില്ല. 68-ാം മിനിറ്റിൽ ഘാന വീണ്ടും മുന്നിലെത്തി. മെൻസാഹിന്റെ ബോക്സിലേക്കുള്ള ലോ ക്രോസിൽ ഷോട്ട് എടുക്കാൻ ഇനാക്കി വില്യംസിന് സാധിച്ചില്ല. പക്ഷേ, താരത്തിന്റെ കാലിൽ തൊട്ട് വന്ന പന്ത് കുഡൂസിന് ഇടം കാൽ കൊണ്ട് വലയിലാക്കാൻ അധികം പ്രയാസം ഉണ്ടായില്ല. ഏഷ്യൻ ശക്തികൾ പോരാട്ടവീര്യം ഒട്ടും ചോരാതെ വീണ്ടും സമനില ​ഗോളിനായി പൊരുതി. ക്രോസുകളുടെ പെരുമഴ തന്നെ ഘാനയുടെ ബോക്സിലേക്ക് വന്നുകൊണ്ടിരുന്നു. അവയെല്ലാം ഘാനയുടെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചതോടെ കൊറിയൻ സംഘത്തിന്റെ ചിരി മാഞ്ഞു.  

എങ്ങനെ വർണിക്കും ഈ ​ഗോൾ? വാക്കുകൾക്ക് കൊണ്ട് വിവരിക്കാനാകാത്ത വിധം മനോഹരം, കയ്യടിച്ച് ഫുട്ബോൾ ലോകം; വീഡിയോ
 

Follow Us:
Download App:
  • android
  • ios