പ്രിട്ടോറിയ: ഏകദിന, ടി20 ടീമുകള്‍ക്ക് പുറമെ ടെസ്റ്റ് ടീമിന്‍റയെും നായകനായി ക്വിന്‍റണ്‍ ഡികോക്കിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് സൗത്താഫ്രിക്ക. ഈ മാസം 26 മുതല്‍ ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കുന്ന ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഡി കോക്കാവും ദക്ഷിണാഫ്രിക്കയെ നയിക്കുക.
 
എന്നാല്‍ ഡികോക്കിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് താല്‍ക്കാലികമായാണെന്നും സ്ഥിരം നായകനെ പിന്നീട് പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. നേരത്തെ ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായാണ് ടെസ്റ്റ് ടീം നായകസ്ഥാനത്തു നിന്ന് ഡികോക്കിനെ മാറ്റി നിര്‍ത്തിയിരുന്നത്.

എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മറ്റാരെയും പരിഗണിക്കാന്‍ ഇല്ലാതിരുന്നതിനാലാണ്  ഡികോക്കിനെ തന്നെ ടെസ്റ്റ് നായകനായി തെരഞ്ഞെടുത്തത്. മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും ടെസ്റ്റ് ടീമിലുണ്ട്.

അതേസമയം, ഇടുപ്പിന് പരിക്കേറ്റ സ്റ്റാര്‍ പേസര്‍ കാഗിസോ റബാദക്ക്  ശ്രീലങ്കക്കെതിരെ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമാവും. ജനുവരി മൂന്നിന് ജൊഹാനസ്ബര്‍ഗില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ റബാദ കളിച്ചേക്കുമെന്നാണ് സൂചന.