നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 370 റണ്‍സിലേറെ ലീഡായി. സെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന ശുഭ്മാൻ ഗിൽ റണ്‍ഔട്ട് ആയത് മാത്രമാണ് ടീമിന് തിരിച്ചടിയായത്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ആരാധകരെ ആശ്വസിപ്പിക്കുന്ന വാര്‍ത്ത പുറത്ത്. വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ കുടുംബപരമായ ആവശ്യത്താല്‍ നാട്ടിലേക്ക് മടങ്ങിയതോടെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ 10 പേരായി ചുരുങ്ങിയിരുന്നു. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരെ മാത്രം വച്ച് പന്തെറിയിക്കേണ്ട ദുരവസ്ഥയിലായിരുന്നു. ഇപ്പോള്‍ ആര്‍ ആശ്വിൻ തിരികെ എത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ന് രാവിലെ കുല്‍ദീപ് യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഞാൻ കരുതുന്നു... എനിക്ക് ഉറപ്പില്ല... പക്ഷെ ആഷ് ഭായ് (അശ്വിൻ) തിരികെ വരുമെന്നാണ് കരുതുന്നതെന്ന് കുല്‍ദീപ് പറഞ്ഞു. ഇന്നോ നാളെയോ അശ്വിൻ ടീമിനൊപ്പം വീണ്ടും ചേരുമെന്ന സൂചനകളാണ് കുല്‍ദീപ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം, മൂന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിവാണ്.

നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 370 റണ്‍സിലേറെ ലീഡായി. സെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന ശുഭ്മാൻ ഗിൽ റണ്‍ഔട്ട് ആയത് മാത്രമാണ് ടീമിന് തിരിച്ചടിയായത്. യശസ്വി ജയ്‌സ്വാളിന്റെ (104 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ കുതിച്ചത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്.

കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്‌സ്വാള്‍ നേടിയത്. ഏകദിന ശൈലിയിലാണ് ജയ്‌സ്വാള്‍ ബാറ്റ് വീശിയത്. 133 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. 400ന് മുകളില്‍ ലീഡ് ഉണ്ടാക്കി ഇംഗ്ലണ്ടിനെ ഒതുക്കി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ. അശ്വിൻ കൂടെ എത്തിയാല്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്‍റെ മൂര്‍ച്ച കൂടുകയും ചെയ്യും. 

കോൺസ്റ്റബിൾ പരീക്ഷയ്ക്ക് രജിസ്റ്റ‍ർ ചെയ്തിട്ട് എത്താതെ സണ്ണി ലിയോൺ! ചിത്രങ്ങളടക്കമുള്ള അഡ്മിറ്റ് കാർഡ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം