ദുബായ്: ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും. അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിനായി അപരാജിത ഡബിള്‍ സെഞ്ചുറി അടിച്ച് അത്ഭുത വിജയം സമ്മാനിച്ച കെയ്ല്‍ മയേഴ്സും കഴിഞ്ഞ മാസത്തെ മികച്ച താരമാകാനുള്ള പട്ടികയില്‍ ഇടം നേടി.

മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഐസിസി വെബ്സൈറ്റില്‍ ആരംഭിച്ചു. കഴിഞ്ഞ മാസമാണ് ഓരോ മാസത്തെയും മികച്ച താരത്തെ പ്രഖ്യാപിക്കാന്‍ ഐസിസി തീരുമാനിച്ചത്. ജനുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ റിഷഭ് പന്തായിരുന്നു. ജോ റൂട്ടിനെ പിന്തള്ളിയായിരുന്നു പന്തിന്‍റെ നേട്ടം.

കഴിഞ്ഞ മാസം കളിച്ച മൂന്ന് ടെസറ്റില്‍ 24 വിക്കറ്റും ഒരു സെഞ്ചുറിയുള്‍പ്പെടെ 176 റണ്‍സും സ്വന്തമാക്കിയത് അശ്വിന് അനുകൂല ഘടകമാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റും അടക്കം കഴിഞ്ഞ മാസം ആകെ 333 റണ്‍സും ആറു വിക്കറ്റും നേടിയതാണ് റൂട്ടിനെ അനുകൂല ഘടകമാകുക.

വനിതകളില്‍ ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമോണ്ട്, നാറ്റ് സ്കൈവര്‍, ന്യൂസിലന്‍ഡിന്‍റെ ബ്രൂക്ക് ഹാലിഡേ എന്നിവരാണ് ഫെബ്രുവരിയിലെ മികച്ച താരമാകാനുള്ളവരുടെ പട്ടികയിലുള്ളത്.