അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കി.
ദുബായ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് ഇനി അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗിന് സ്വന്തം. ദുബായില്‍ യുഎഇക്കെതിരെ ഒന്നാം ടി20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സ്റ്റിര്‍ലിംഗ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ 159 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് 160-ാം മത്സരം കളിച്ചുകൊണ്ട് സ്റ്റിര്‍ലിംഗ് മറികടന്നത്. 2009ല്‍ പാകിസ്ഥാനെതിരെയായിരുന്നു സ്റ്റിര്‍ലിംഗിന്റെ ടി20 അരങ്ങേറ്റം.
നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് സ്റ്റിര്‍ലിംഗ് (3,874 റണ്‍സ്). ബാബര്‍ അസം, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ മാത്രമാണ് സ്റ്റിര്‍ലിംഗിന് മുന്നിലുള്ളത്. ഒരു സെഞ്ചുറിയും 24 അര്‍ദ്ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. പവര്‍പ്ലേ ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് സ്റ്റിര്‍ലിംഗിനെ ശ്രദ്ധേയനാക്കുന്നത്. ജോര്‍ജ്ജ് ഡോക്രെല്‍ (153 മത്സരങ്ങള്‍), മുഹമ്മദ് നബി (148), ജോസ് ബട്ട്ലര്‍ (144) എന്നിവരാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ സ്റ്റിര്‍ലിംഗിന് പിന്നിലുള്ളത്.
2024 ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശര്‍മ്മ വിരമിച്ചതോടെയാണ് സ്റ്റിര്‍ലിംഗിന് ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വഴിതെളിഞ്ഞത്. ലോകമെമ്പാടുമുള്ള വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും സജീവമായ സ്റ്റിര്‍ലിംഗ്, അയര്‍ലന്‍ഡ് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്.
റെക്കോര്‍ഡ് കുറിച്ച മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങാന്‍ സ്റ്റിര്‍ലിംഗിന് സാധിച്ചില്ല. എട്ട് റണ്‍സ് എടുത്ത് താരം പുറത്തായി. എങ്കിലും അയര്‍ലന്‍ഡ് 57 റണ്‍സിന് ജയിച്ചു. ലോര്‍ക്കന്‍ ടക്കര്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗില്‍ യുഎഇ 19.5 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി.

