ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെയായിരുന്നു ബാറ്റര്‍മാര്‍ക്ക് നല്‍കുന്ന സെന്‍ഡ് ഓഫിനെക്കുറിച്ച് അബ്രാര്‍ തുറന്നു പറഞ്ഞത്.

ലാഹോര്‍: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ സ്പിന്നര്‍ അബ്രാർ അഹമ്മദ്. ബാറ്റർമാരെ പുറത്താക്കിയ ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി തലയാട്ടി തിരികെ പോകാൻ ആംഗ്യം കാണിക്കുന്ന തന്‍റെ ട്രേഡ് മാര്‍ക്ക് സെന്‍ഡ് ഓഫ് ലോകകപ്പില്‍ ചില ടീമുകള്‍ക്കെതിരെ തുടരുമെന്ന് അബ്രാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അബ്രാര്‍.

‘എനിക്ക് എപ്പോൾ തോന്നുന്നുവോ അപ്പോൾ ഞാൻ അത് ചെയ്യും. ലോകകപ്പില്‍ ചില ടീമുകൾക്കെതിരെ തീർച്ചയായും ആ ആഘോഷം ഞാൻ ഞാൻ തുടരും’- അബ്രാർ പറഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയശേഷവും ചാമ്പ്യൻസ് ട്രോഫിയിൽ ശുഭ്‌മൻ ഗില്ലിനെ പുറത്താക്കിയ ശേഷം അബ്രാർ നല്‍കിയ സെന്‍ഡ് ഓഫ് വലിയ ചർച്ചയായിരുന്നു. സഞ്ജുവിനെ പുറത്താക്കി സെന്‍ഡ് ഓഫ് നല്‍കിയതിന് ഇന്ത്യൻ താരങ്ങളായ അര്‍ഷ്ദീപ് സിംഗും ജിതേഷ് ശര്‍മയം ഹര്‍ഷിത് റാണയും ചേര്‍ന്ന് അബ്രാറിനെ പരിഹസിച്ച് വീഡിയോ ഇറക്കുകയും ചെയ്തു.

Scroll to load tweet…

ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ ഹൈ വോൾട്ടേജ് പോരാട്ടം. അതേസമയം, പാകിസ്ഥാൻ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ന് അല്ലെങ്കിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക