111 വിക്കറ്റാണ് കുംബ്ലയുടെ സമ്പാദ്യം. ഈ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ശേഷിക്കെ അശ്വിന് കുംബ്ലെയെ മറികടക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴത്തെ ഫോമില്‍ ആ നേട്ടം വിദൂരമല്ല.
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ നാഗ്പൂര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയതിന് പിന്നാലെ മറ്റൊരു നാഴികക്കല്ലുകൂടി മറികടന്ന് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി അശ്വിന്‍. കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ച് പേരെയെടുത്താല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍.
111 വിക്കറ്റാണ് കുംബ്ലയുടെ സമ്പാദ്യം. ഈ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ശേഷിക്കെ അശ്വിന് കുംബ്ലെയെ മറികടക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴത്തെ ഫോമില്‍ ആ നേട്ടം വിദൂരമല്ല. നിലവില്‍ അശ്വിന് 96 വിക്കറ്റുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്, നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കുന്ന നതാന്‍ ലിയോണ്‍ എന്നിവരെയാണ് അശ്വിന്‍ മറികടന്നത്. ഇരുവര്‍ക്കും 95 വിക്കറ്റ് വീതമാണുള്ളത്. മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവും പട്ടികയിലുണ്ട്. 79 വിക്കറ്റാണ് കപില്‍ നേടിയത്.
നാഗ്പൂരില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടുകൊണ്ടിരിക്കുകയാണ് ഓസീസ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 87 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഇപ്പോഴും 136 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. ഇതിനോടകം ഉസ്മാന്‍ ഖവാജ (5), ഡേവിഡ് വാര്‍ണര്‍ (10), മര്‍നസ് ലബുഷെയ്ന്‍ (17), മാറ്റ് റെന്‍ഷ്വൊ (2), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (6), അലക്‌സ് ക്യാരി (10), പാറ്റ് കമ്മിന്‍സ് (1), ടോഡ് മര്‍ഫി (2) എന്നിവര്‍ പുറത്തായി. സ്റ്റീവന്‍ സ്മിത്ത് (22), നതാന്‍ ലിയോണ്‍ (8) എന്നിവരാണ് ക്രീസില്‍. അശ്വിന്‍ വീഴ്ത്തിയ അഞ്ച് പേരില്‍ നാലും ഇടങ്കയ്യന്മാരാണ്.
ഖവാജയാണ് ആദ്യം പുറത്തായത്. അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ കോലിക്ക് ക്യാച്ച്. ലബുഷെയ്‌നിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മുന്നാമനായിട്ട് വാര്‍ണറും മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. റെന്‍ഷ്വൊയേയും അശ്വിന്‍ ഇതുപോലെ പുറത്താക്കി. വലങ്കയ്യനായ ഹാന്‍ഡ്‌കോംപിനും ഇതുതന്നെയായിരുന്നു വിധി. മറ്റൊരു ഇടങ്കയ്യനായ ക്യാരിയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കമ്മിന്‍സിനെ ജഡേജ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്റെ കൈകളിലെത്തിച്ചതു. മര്‍ഫി, അക്‌സറിന്റെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കി.
ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിനെ 177ന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 400 റണ്‍സ് നേടി. രോഹിത് ശര്‍മ (120), അക്‌സര്‍ (84), ജഡേജ (70) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
