Asianet News MalayalamAsianet News Malayalam

ആ നേട്ടം ഒരിക്കലും തമാശയല്ല, അഭിമാനമാണ് ഇശാന്ത്; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് അശ്വിന്‍

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയതോടെയാണ് ഇശാന്ത് എലൈറ്റ് ലിസ്റ്റില്‍ ഇടം നേടിയത്.
 

R Ashwin reacts to Ishant Sharma milestone in cricket
Author
Chennai, First Published Feb 9, 2021, 8:34 AM IST

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം പേസറായിരിക്കുകയാണ് ഇശാന്ത് ശര്‍മ. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡാനിയേല്‍ ലോറന്‍സിനെ പുറത്താക്കിയതോടെയാണ് ഇശാന്ത് എലൈറ്റ് ലിസ്റ്റില്‍ ഇടം നേടിയത്. കപില്‍ ദേവ് (434), സഹീര്‍ ഖാന്‍ (311) എന്നിവരാണ് മറ്റു പേസര്‍മാര്‍.

നേട്ടത്തില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇശാന്തിന്റെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നാലാം ദിവസത്തെ കളിക്ക് ശേഷം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇശാന്തിനെ നല്ല വാക്കുകള്‍കൊണ്ട് മൂടി. ഇശാന്തിന് 500 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് അശ്വിന്‍ ആശംസിച്ചു. താരത്തിന്റെ വാക്കുകള്‍... ''കഴിഞ്ഞ 14 വര്‍ഷമായി ഇശാന്ത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇത്രയും കാലത്തോളം ഒരു പേസര്‍ക്ക് ഫിറ്റ്‌നെസ് സൂക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്രത്തോളം കഠിനാധ്വാനിയായ താരമാണ് ഇശാന്ത്. ഒരുപാട് പര്യടനങ്ങളില്‍ ഇശാന്ത് ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ചാല്‍ കരിയറില്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇശാന്തിന് സാധിക്കും. 

ഇതിനിടെ പരിക്കും താരത്തിനെ വലച്ചിരുന്നു. പേസ് ബൗളറുടെ കരിയറില്‍ ഇത്രയും ടെസ്റ്റെന്നുള്ളത് തമാശയല്ല. അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. 400- 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇശാന്തിന് കഴിയട്ടെയെന്നാണ് ഞാന്‍ ആശംസിക്കുന്നത്. അത്തരത്തില്‍ സംഭവിച്ചാല്‍ വളര്‍ന്നുവരുന്ന യുവ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കും അത്.'' അശ്വിന്‍ പറഞ്ഞു.

ഇശാന്തിന്റെ 98ാം ടെസ്റ്റ് മത്സരമാണ് ചെന്നൈയില്‍ നടക്കുന്നത്. കപില്‍ ദേവിന് ശേഷം 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നാഴികക്കല്ലും ഇശാന്തിനെ കാത്തിരിക്കുന്നുണ്ട്. അശ്വിനാവട്ടെ 14 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാം.

Follow Us:
Download App:
  • android
  • ios