സത്യത്തില്‍ ആ വീഡിയോയില്‍ സ്പിന്നര്‍മാരെ നേടിരുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. അത് ഓസ്ട്രേലിയക്ക് അറിയാത്തതല്ല. നമ്മുടെ പ്രതിരോധത്തെ വിശ്വസിക്കുക എന്നതായിരുന്നു അതിലൊന്ന്.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ച ശേഷം ആര്‍ അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമായിരുന്നു. ഇന്ത്യയില്‍ എങ്ങനെ സ്പിന്നര്‍മാരെ നേരിടാം എന്ന തംബ് ഇമേജ് വെച്ചായിരുന്നു അശ്വിന്‍റെ വീഡിയോ. ഡല്‍ഹിക്ക് പിന്നാലെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ സ്പിന്‍ കെണിയില്‍ ഇന്ത്യയെ വീഴ്ത്തിയതോടെയാണ് തന്‍റെ യുട്യൂബ് വിഡോയയുടെ തംബ് ഇമേജ് ഇത്രവലിയ പ്രശ്നമാവുമെന്ന് അശ്വിന്‍ തിരിച്ചറിഞ്ഞത്.

ഇന്‍ഡോറിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അശ്വിന്‍റെ വീഡിയോക്ക് താഴെ ആരാധകര്‍ കൂട്ടത്തോടെ കമന്‍റുമായി എത്തി. അശ്വിന്‍ തന്ത്രം പറഞ്ഞുകൊടുത്തതുകൊണ്ടാണ് ഓസ്ട്രേലിയ ഇന്‍ഡോറില്‍ സ്പിന്‍ കളിക്കാന്‍ പഠിച്ചതെന്നും അശ്വിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത് എന്നുമായിരുന്നു കമന്‍റകളിലധികവും. ഇതു കണ്ടതോടെ തന്‍റെ യുട്യൂബ് ചാനല്‍ മാനേജ് ചെയ്യുന്ന വ്യക്തി തംബ് ഇമേജ് തന്നെ മാറ്റിയെന്ന് തുറന്നു പറയുകയാണ് അശ്വിന്‍ പുതിയ വീഡിയോയില്‍.

ഐസിസി റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി അശ്വിന്‍, വമ്പന്‍ കുതിപ്പുമായി വിരാട് കോലിയും അക്ഷര്‍ പട്ടേലും

സത്യത്തില്‍ ആ വീഡിയോയില്‍ സ്പിന്നര്‍മാരെ നേടിരുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. അത് ഓസ്ട്രേലിയക്ക് അറിയാത്തതല്ല. നമ്മുടെ പ്രതിരോധത്തെ വിശ്വസിക്കുക എന്നതായിരുന്നു അതിലൊന്ന്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് എന്‍റെ വീഡിയോ കണ്ട് ഓസ്ട്രേലിയ മനസിലാക്കേണ്ട കാര്യമില്ല. എന്നിട്ടും കമന്‍റുകള്‍ കണ്ട് എന്‍റെ യുട്യൂബ് അഡ്മിന്‍ തംബ് ഇമേജ് ഡല്‍ഹി ടെസ്റ്റ് റിവ്യു എന്നാക്കി മാറ്റി.

ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്, എന്തിനാണ് തംബ് ഇമേജ് മാറ്റിയത് എന്നാണ്. സബ് ടൈറ്റില്‍ ഉണ്ടായിരുന്നെങ്കിലും തമിഴില്‍ ഞാന്‍ പറയുന്ന വീഡിയോ കണ്ടിട്ടാണോ ഓസ്ട്രേലിയന്‍ ടീം സ്പിന്‍ കളിക്കാന്‍ പഠിച്ചതെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് ശരിക്കും അഭിമാനമുണ്ട്. കാരണം ഒറ്റ വീഡിയോയിലൂടെ ഒരു ടീമിന് ഒന്നാകെ കോച്ചിംഗ് കൊടുക്കാനും ടെസ്റ്റ് ജയിപ്പിക്കാനും എനിക്കായല്ലോ.

YouTube video player

ഓസ്ട്രേലിയ ജയിച്ചത് എങ്ങനെയായാലും എന്‍റെ ചാനലിന്‍റെ റീച്ച് കൂടി എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ എല്ലാ വീഡിയോകളും എല്ലാവര്‍ക്കും ലഭ്യമാകുന്ന കാലത്ത് ഇനി കോച്ചിന്‍റെ ആവശ്യമില്ലല്ലോ, ഞങ്ങളുടെ വീഡിയോ കണ്ട് അതുപോലെ കളിച്ച് ജയിച്ചാല്‍ മതിയല്ലോ. സമൂഹമാധ്യമങ്ങളുടെ ഇന്നത്തെക്കാലത്ത് ഇത്തരം കാര്യങ്ങളൊക്കെ കാട്ടുതീ പോലെയാണ് പടരുന്നതെന്നും അശ്വിന്‍ തന്‍റെ വീഡിയോയില്‍ പറയുന്നു.