ഇതാദ്യമായാണ് രാജ്കോട്ട് ടെസ്റ്റിനിടെ അശ്വിൻ ടീം വീടാനുള്ള കാരണം എന്താണെന്ന് കുടുംബം തന്നെ തുറന്നു പറയുന്നത്.

ധരംശാല: രാജ്കോട്ടില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അശ്വിന്‍ ഇന്ത്യന്‍ ടീം വിട്ട് ചെന്നൈയിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഭാര്യ പ്രീതി. അശ്വിന്‍ നൂറാം ടെസ്റ്റ് കളിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതിയ കോളത്തിലാണ് പ്രീതി വീട്ടിലുണ്ടായ അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് വിശദീകരിച്ചത്. മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ടീം വിട്ട അശ്വിന്‍ നാലാം ദിനം ചായക്ക് ശേഷം ടീമിനൊപ്പം തിരിച്ചെത്തി ഗ്രൗണ്ടിലിറങ്ങിയിരുന്നു. എന്തായിരുന്നു കുടുംബത്തില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ച് അശ്വിന്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

ഇതാദ്യമായാണ് അന്ന് എന്താണ് അശ്വിന്‍റെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുടുബം തന്നെ തുറന്നു പറയുന്നത്. രാജ്കോട്ട് ടെസ്റ്റില്‍ അശ്വിന്‍ അഞ്ഞൂറാം വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്. കുട്ടികള്‍ സ്കൂളിലേക്ക് പോയി. അഞ്ച് മിനിറ്റിന് ശേഷം അദ്ദേഹം 500 വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ വീട്ടിലെല്ലാവരും അഭിനന്ദന ഫോണുകളുടെ തിരക്കിലായിരുന്നു. പെട്ടെന്നാണ് ഒരു നിലവിളിയോടെ അശ്വിന്‍റെ അമ്മ കുഴഞ്ഞു വീണത്. ഒട്ടും സമയം കളയാതെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ആ സമയത്ത് അശ്വിനോട് ഇക്കാര്യം പറയേണ്ടെന്നാണ് ഞങ്ങളാദ്യം തീരുമാനിച്ചത്. കാരണം, അദ്ദേഹത്തിന് വരണമെങ്കിലും ആ സമയത്ത് ചെന്നൈയിലേക്ക് രാജ്കോട്ടില്‍ നിന്ന് വിമാനമൊന്നുമില്ല.

ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചു; ഒടുവിൽ വിരമിക്കൽ പ്രഖ്യാപിച്ച് 34കാരനായ ഇന്ത്യൻ സ്പിന്നർ

ആ സമയത്താണ് ചേതേശ്വര്‍ പൂജാരയെ വിളിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബം വലിയ സഹായമാണ് ചെയ്തത്. അപ്പോഴേക്കും ഡോക്ടര്‍മാര്‍ അമ്മയുടെ സ്കാനിംഗൊക്കെ നടത്തിയിരുന്നു. അശ്വിൻ കൂടെയുള്ളത് നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറ‍ഞ്ഞപ്പോഴാണ് ഇക്കാര്യം ആദ്യമായി അദ്ദേഹത്തോട് ഫോണില്‍ പറയുന്നത്. അത് കേട്ട് ആകെ തകര്‍ന്ന നിലയിലായിരുന്നു അദ്ദേഹം അപ്പോള്‍. അദ്ദേഹം ഉടന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് 20-25 മിനിറ്റുകള്‍ക്കുശേഷമാണ് അദ്ദേഹം തിരിച്ചുവിളിച്ചത്. അദ്ദേഹം ഇവിടെ എത്തുന്നതുവരെ എല്ലാ വിവരങ്ങളും അന്വേഷിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും മറ്റ് ടീം അംഗങ്ങള്‍ക്കും നന്ദി.

ടീം സെലക്ഷനില്‍ ഇന്ത്യയെ കണ്‍ഫ്യൂഷനിലാക്കി ധരംശാല, രഞജി മത്സരങ്ങളില്‍ വിക്കറ്റ് വേട്ട നടത്തിയത് പേസര്‍മാര്‍

അശ്വിന്‍ ഇവിടെയെത്തി ഐസിയുവിലായിരുന്ന അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടതോടെ അശ്വിന്‍ പിറ്റേന്ന് രാവിലത്തെ ഫ്ലൈറ്റില്‍ രാജ്കോട്ടിലേക്ക് തിരിച്ചുപോയി. നാലാം ദിനം ടീമിനൊപ്പം ചേരുകയും ചെയ്തു. തികച്ചും വൈകാരിക നിമിഷമായിരുന്നു അതെന്നും അമ്മയുടെ നില മെച്ചപ്പെട്ടതോടെ കുടുംബം തന്നെയാണ് അദ്ദേഹത്തോട് ടീമിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടതെന്നും പ്രീതി പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിന്‍റെ കുറ്റബോധം അദ്ദേഹത്തെ അലട്ടുമായിരുന്നുവെന്നും പ്രീതി കോളത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക