പരിക്ക് ദക്ഷിണാഫ്രിക്കയെ വലയ്‌ക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കുന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയെയാണ് ഇപ്പോള്‍ പരിക്ക് പിടികൂടിയിരിക്കുന്നത്. 

ദില്ലി: ഏകദിന ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കേ പരിക്ക് ദക്ഷിണാഫ്രിക്കയെ വലയ്‌ക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കുന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയെയാണ് ഇപ്പോള്‍ പരിക്ക് പിടികൂടിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ പുറത്തിരുന്ന റബാഡയെ സ്‌കാനിംഗിന് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് യൂണിറ്റ് പരിക്കിന്‍റെ പിടിയിലാണ്. റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ വെറ്ററന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ ഐപിഎല്ലിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ എന്‍‌റിച്ച് നോര്‍ജെയും ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി. ലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനിടെ പരിക്കേറ്റ ലുങ്കി എങ്കിടി ഫിറ്റ്‌നസ് വീണ്ടെടുത്തോ എന്ന് വ്യക്തമല്ല.

ഇവരെല്ലാം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ അംഗങ്ങളാണ്. താരങ്ങള്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായാല്‍ പ്രോട്ടീസ് ബൗളിംഗിനെയാണ് ദുര്‍ബലമാക്കുക.