പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 12 റണ്‍സിനാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ 70 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മാന്‍ ഓഫ് ദ മാച്ച്.

ഓസീസ് അനായാസ ജയം നേടുമെന്ന് കരുതിയ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക എറിഞ്ഞുപിടിച്ചത്. അവസാന രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 20 റണ്‍സ് മാത്രം മതിയായിരുന്നു ഓസീസിന്. എന്നാല്‍ കഗിസോ റബാദ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഓസീസിന് നേടാന്‍ സാധിച്ചത്. മാത്യു വെയ്ഡിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് 17 റണ്‍സ്. എന്നാല്‍ ആന്റിച്ച് നോര്‍ജെ എറിഞ്ഞ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് പിറന്നത്. 

അഷ്ടണ്‍ അഗറിന്റെ വിക്കറ്റും നഷ്ടമായി. 67 റണ്‍സുമായി പുറത്താവാതെ നിന്ന വാര്‍ണറാണ് ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് (14), സ്റ്റീവന്‍ സ്മിത്ത് (29), അലക്‌സ് ക്യാരി (14), മിച്ചല്‍ മാര്‍ഷ് (6), മാത്യു വെയ്ഡ് (1), അഗര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു. ലുങ്കി എന്‍ഗിഡി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. റബാദ, നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ 70 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (14), ഫാഫ് ഡു പ്ലെസിസ് (15), റാസി വാന്‍ ഡെര്‍ ഡസ്സന്‍ (37) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഡേവിഡ് മില്ലര്‍ (11), പീറ്റ് വാന്‍ ബില്‍ജോന്‍ (7) എന്നിവര്‍ പുറത്താവാതെ നിന്നു. 47 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്‌സ്. ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു. പാറ്റ് കമ്മിന്‍സ്, ആഡം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.