രചിന്റെ അച്ഛന്‍ രവീന്ദ്ര കൃഷ്ണമൂര്‍ത്തിയും അമ്മ ദീപയും ബാംഗ്ലൂരില്‍ നിന്നുള്ളവാണ്. 90കളിലാണ് ഇരുവരും ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണിലേക്ക് ചേക്കേറുന്നത്. രചിനും സഹോദരി അസീറിയും ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരില്‍. 


ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ വിലങ്ങുതടിയായി നിന്നത് അവരുടെ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയായിരുന്നു. ഇന്ത്യന്‍ വംശജനായ രചിന്‍ 91 പന്തില്‍ 18 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ ജയം ഇന്ത്യയുടെ കയ്യില്‍ നിന്നകന്നു. രചിന്റെ അച്ഛന്‍ രവീന്ദ്ര കൃഷ്ണമൂര്‍ത്തിയും അമ്മ ദീപയും ബാംഗ്ലൂരില്‍ നിന്നുള്ളവാണ്. 90കളിലാണ് ഇരുവരും ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണിലേക്ക് ചേക്കേറുന്നത്. രചിനും സഹോദരി അസീറിയും ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരില്‍. രചിന്റെ ക്രിക്കറ്റ് പ്രയാണവും ന്യൂസിലന്‍ഡിലേക്ക് വരാനുണ്ടായ കാരണത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് രവീന്ദ്ര കൃഷ്ണമൂര്‍ത്തി.

ന്യൂസിലന്‍ഡിലേക്കുള്ള വരവ്

ന്യൂസിലന്‍ഡിലേക്ക് വന്നതിനെ കുറിച്ചായിരുന്നു രവീന്ദ്ര തുടക്കത്തില്‍ സംസാരിച്ചത്. ''ലോകകത്തിലെ മികച്ച സ്ഥലങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. എല്ലാവരും സൗഹൃദത്തോടെ സംസാരിക്കുന്നു. വെല്ലിംഗ്ടണിലാണ് ഞങ്ങള്‍ താമസിക്കുന്നത്. 80കളിലെ ബാംഗ്ലൂരിനെ പോലെയാണ് വെല്ലിംഗ്ണ്‍. ഇവിടെ ജീവിതം പ്രയാസങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. ദീര്‍ഘകാലം ഇവിടെ കഴിയാനാണ് കരുതിയിരിക്കുന്നത്. വീട്ടിള്‍ ഞാനും ഭാര്യയും സംസാരിക്കുന്നത് കന്നഡയിലാണ്. വല്ലപ്പോഴും ഇംഗ്ലീഷ് കയറി വരും. എന്നാല്‍ രചിനും അസീറിയും ഇംഗ്ലീഷിലാണ് സംസാരിക്കുക. അവര്‍ക്ക് കന്നഡ സംസാരിക്കാന്‍ അറിയില്ലെങ്കിലും പറയുന്നത് മനസിലാവും.'' രവീന്ദ്ര പറഞ്ഞു. 

പേരിന് പിന്നിലെ കഥ

രചിന്‍ എന്ന പേരിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''യഥാര്‍ത്ഥത്തിന്റെ അതെന്റെ ഭാര്യയുടെ ആശയമായിരുന്നു. രാഹുല്‍ ദ്രാവിഡിന്റേയും സച്ചിന്‍ ടെന്‍ഡുക്കറുടേയും പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുകൂടി ഇല്ലായിരുന്നു. എന്നാല്‍ എല്ലാം ദീപയുടെ തീരുമാനമായിരുന്നു. ദീപ ഈ പേര് നിര്‍ദേശിച്ചപ്പോള്‍ എനിക്കും താല്‍പര്യമായി. പറയാനും വിളിക്കും സുഖമാണെന്ന് തോന്നി.'' അദ്ദേഹം പറഞ്ഞു. 

ന്യൂസിലന്‍ഡിനായുള്ള ആദ്യ മത്സരം

രചിന്‍ രാജ്യത്തിന് വേണ്ടി കളിച്ചപ്പോള്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. ''ഏത് ഇനമായും സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന് അഭിമാനകമായ നേട്ടമാണ്. അവന്റെ കാര്യത്തില്‍ എനിക്കഭിമാനുണ്ട്. ഇന്ത്യ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കെതിരെ അരങ്ങേറുകയെന്നത് കരിയറിലെ വലിയകാര്യം തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ചില മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാന്‍ അവന് കഴിഞ്ഞു.'' രവീന്ദ്ര ആവേശം കൊണ്ടു.

കാണ്‍പൂരിലെ ചെറുത്തുനില്‍പ്പ്

രചിന്‍ കാണപൂരില്‍ പുറത്തെടുത്ത പോരാട്ടവീര്യത്തെ കുറിച്ചും അദ്ദേഹം വാചാലനായി. ''ഇന്ത്യയുടെ ലോകോത്തര നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുകയെന്ന് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവനത് ഫലപ്രദമായി പൂര്‍ത്തിയാക്കി. അവനെന്തായാലും കടുത്ത സമ്മര്‍ദ്ദത്തിലൂടെയാവും കടന്നുപോയിണ്ടുണ്ടാവുക. പ്രത്യേകിച്ച് അഞ്ചാം ദിവസം അവസാന സെഷനില്‍. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. 

ദ്രാവിഡിന്റെ മുന്നിലെ പ്രകടനം

അവന് ആത്മവിശ്വാസവും ധൈര്യവും വേണ്ടുവോളമുണ്ട്. കാണ്‍പൂരില്‍ കാണാനായതും അതാണ്. ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ അവര്‍ക്കെതിരെ സമനില നേടുകയെന്നത് വിജയതുല്യമാണ്. രചിന്റെ ഇഷ്ടതാരങ്ങളിലൊരാളായ ദ്രാവിഡാണ് ഇന്ത്യയുടെ കോച്ച്. അദ്ദേഹത്തിന്റെ മുന്നില്‍ ഇത്തരമൊരു പ്രകടനം സന്തോഷം ഇരട്ടിപ്പിക്കുന്നു. കാരണം ദ്രാവിഡ് നിരവധി ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.'' രവീന്ദ്ര വ്യക്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

ഐപിഎല്‍ കളിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും എന്നാല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചിനും ദ്രാവിഡിനും പുറമെ റോസ് ടെയ്‌ലറേയും രചിന്‍ ഏറെ ആരാധിക്കുന്നുവെന്നും രവീന്ദ്ര പറഞ്ഞു.