ഇന്നലെ വൈകുന്നേരമായിരുന്നു അപ്രതീക്ഷിതമായി രോഹിത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്

രോഹിത് ശര്‍മയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഞെട്ടലോടെ പ്രതികരിച്ച് ഇന്ത്യൻ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായ അജിങ്ക്യ രഹാനെ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു രഹാനെയുടെ പ്രതികരണം. 

"ഞാൻ ശെരിക്കും ഞെട്ടലോടെയാണ് ഇത് കേള്‍ക്കുന്നത്. ടെസ്റ്റില്‍ നിന്ന് രോഹിത് വിരമിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്," രഹാനെ വ്യക്തമാക്കി. 

"രോഹിതിന്റെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണെങ്കിലും ആശംസകള്‍ അറിയിക്കുന്നു. ഒരു ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ മികച്ച രീതിയില്‍ രോഹിത് കളിച്ചു. അദ്ദേഹത്തിന്റെ ശൈലി മെച്ചപ്പെടുത്തി. ബാറ്റിങ് നിരയില്‍ അഞ്ച്, ആറ് നമ്പറുകളിലായിരുന്നു രോഹിത് തുടങ്ങിയത്. പിന്നീട് ഓപ്പണിങ്ങിനിറങ്ങി. അതിനോട് എളുപ്പം പൊരുത്തപ്പെടാനും അതിവേഗം കഴിഞ്ഞു. ബൗളര്‍മാരെ ആക്രമിച്ചു കളിക്കുന്നതാണ് രോഹിതിന് എപ്പോഴും താല്‍പ്പര്യം. പൂര്‍ണ സ്വാതന്ത്ര്യത്തോടെ കളിക്കുക, മറ്റ് താരങ്ങളില്‍ നിന്നും രോഹിത് അതു തന്നെയാണ് പ്രതീക്ഷിച്ചിരുന്നതും," രഹാനെ കൂട്ടിച്ചേര്‍ത്തു.

റൂമിലേക്ക് മടങ്ങിയെത്തിയ ശേഷം രോഹിതുമായി സംസാരിക്കുമെന്നും രഹാനെ പറഞ്ഞു.

Scroll to load tweet…

രോഹിതിനൊപ്പം ഏറെക്കാലമായി കളിക്കുന്ന താരമാണ് രഹാനെ. ഇന്ത്യൻ ടീമില്‍ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.

ഇന്നലെ വൈകുന്നേരമായിരുന്നു അപ്രതീക്ഷിതമായി രോഹിത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ദേശീയ ടീം സെലക്ടര്‍മാരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നതായി റിപ്പോ‍ര്‍ട്ടുകള്‍ വന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനേയും നായകനേയും നിശ്ചയിക്കുന്നതിന് വേണ്ടിയായിരുന്നു യോഗം. ഇതിന്റെ പശ്ചാത്തലത്തിലാണ് രോഹിതിന്റെ പ്രഖ്യാപനം ഉണ്ടായതെന്നാണ് സൂചന.

67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4,301 റണ്‍സാണ് രോഹിത് നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടി.