മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ  മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആരെന്നറിയാന്‍ വിസ്‌ഡന്‍ ഇന്ത്യ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളി രാഹുല്‍ ദ്രാവിഡ് ഒന്നാമത്. 11,400 ആരാധകര്‍ പങ്കെടുത്ത അവസാന റൗണ്ട് വോട്ടെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയാണ് ദ്രാവിഡ് ഒന്നാമതെത്തിയത്.


കരിയറിലെ ബാറ്റിംഗ് പ്രകടനം പോലെ മെല്ലെ മെല്ലെ പിടിച്ചുകയറിയ ദ്രാവിഡ് ഒടുവില്‍ മികച്ച ലീഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്നാണ് വോട്ടെടുപ്പ് ഫലം പുറത്തുവിട്ട് വിസ്‌ഡന്‍ ട്വീറ്റ് ചെയ്തത്. ഫലം പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ സച്ചിന്‍ ആരാധകരും ദ്രാവിഡ് ആരാധകരും തമ്മില്‍ ആരാണ് മികച്ച കളിക്കാരനെന്ന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്.

16 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രാഥമിക വോട്ടെടുപ്പിന് ശേഷം സച്ചിനും ദ്രാവിഡിനും പുറമെ സുനില്‍ ഗവാസ്കറും നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമാണ് അവസാന റൗണ്ടില്‍ എത്തിയത്. അവസാന റൗണ്ടില്‍ സച്ചിന് 48 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ദ്രാവിഡിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.  

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളി സുനില്‍ ഗവാസ്കര്‍ വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.