യുവ ടീമില്‍ നിന്ന് മികച്ച പ്രകടനത്തിനായി ടീം മാനേജ്മെന്‍റും ആരാധകരും അല്‍പം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ചിലപ്പോള്‍ അവര്‍ക്ക് ചില മോശം ദിവസങ്ങളുണ്ടായേക്കാമെന്നും ദ്രാവിഡ് വ്യക്തമാക്കി.

പൂനെ: സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇന്ത്യന്‍ ടി20 ടീമില്‍ ഇനി സ്ഥാനമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കക്കെതിരാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനു തോറ്റ ഇന്ത്യന്‍ ടീമിനെ ന്യായീകരിച്ചുകൊണ്ടാണ് ദ്രാവിഡ് രോഹിത്തിന്‍റെയും കോലിയുടെയും രാജ്യാന്തര ടി20 കരിയറിന് വിരാമമായെന്ന സൂചന നല്‍കിയത്.

കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് ദ്രാവിഡ് പറഞ്ഞു. അന്ന് ഇംഗ്ലണ്ടിനെതിരെ സെമി കളിച്ച ടീമിലെ മൂന്നോ നാലോ കളിക്കാര്‍ മാത്രമാണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിക്കുന്നത്. ഈ ടീം കൂടുതല്‍ ചെറുപ്പമാണ്. ടി20 ക്രിക്കറ്റിന്‍റെ അടുത്ത ഘട്ടത്തിലേക്കുള്ള പാതയിലാണ് നമ്മുടെ ടീം. അതുകൊണ്ടു തന്നെ ശ്രീലങ്കയെപ്പോലെ കരുത്തരായ ഒരു ടീമിനെതിരെ മത്സരിക്കുക എന്നത് യുവതാരങ്ങള്‍ക്ക് പുതിയ അനുഭവമാണ്. ഈ വര്‍ഷം നമ്മുടെ ശ്രദ്ധ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുമാണെന്നതിനാല്‍ ടി20 ടീമില്‍ പുതിയ താരങ്ങളെ പരീക്ഷിക്കാൻ അവസരം കിട്ടുമെന്നത് നല്ല കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു.

നോ ബോള്‍ എറിഞ്ഞതിന് അര്‍ഷ്ദീപിനെ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ; തുറന്നു പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

യുവ ടീമില്‍ നിന്ന് മികച്ച പ്രകടനത്തിനായി ടീം മാനേജ്മെന്‍റും ആരാധകരും അല്‍പം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ചിലപ്പോള്‍ അവര്‍ക്ക് ചില മോശം ദിവസങ്ങളുണ്ടായേക്കാമെന്നും ദ്രാവിഡ് വ്യക്തമാക്കി. ടി20 ലോകകപ്പ് സെമിയില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ നാല് താരങ്ങള്‍ മാത്രമാണ് ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നത്. ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യക്ക് പുറമെ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവരാണ് കഴിഞ്ഞ വർഷം ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.

ലോകകപ്പിന് മുമ്പ് അയര്‍ലന്‍ഡിനെതിരാ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ ലോകകപ്പിനുശേഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ശ്രീലങ്കക്കെതിരെയും ഇന്ത്യയുടെ നായകനായെങ്കിലും ഹാര്‍ദ്ദിക്കിനെ ഔദ്യോഗികമായി ഇന്ത്യയുടെ ടി20 നായകനായി പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഇന്ത്യ വളരെ കുറച്ച് ടി20 മത്സരങ്ങള്‍ മാത്രമെ കളിക്കുന്നുള്ളു. അതിനാല്‍ രോഹിത്തിനെയും കോലിയെയും ടി20 ടീമിലേക്ക് ഇനി പരിഗണിക്കാനിടയില്ലെന്നാണ് സൂചന.