ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യൻ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തൊട്ടു മുമ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നായകന്‍ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണ് മുമ്പ് ടീം വിടാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രേഡില്‍ കൈമാറേണ്ട കളിക്കാരെ സംബന്ധിച്ച ഭിന്നതകളെ തുടര്‍ന്ന് സഞ്ജുവിന്‍റെ കൂടുമാറ്റം അനിശ്ചിതത്വത്തിലായിരിക്കെയാണ് ദ്രാവിഡ് ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്നത്. 

കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് നടന്ന മെഗാ താരലേലത്തില്‍ ജോസ് ബട്‌ലറെ നിലനിര്‍ത്താതിരുന്ന തീരുമാനം രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. ജോസ് ബട്‌ലര്‍ക്ക് പകരം നിലനിര്‍ത്തിയ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ നിരാശപ്പെടുത്തുകയും വന്‍തുക കൊടുത്ത് നിലനിര്‍ത്തിയ റിയാന്‍ പരാഗും ധ്രുവ് ജുറെലും തിളങ്ങാതിരുന്നതും സഞ്ജു സാംസണ് പരിക്കേറ്റ് പല മത്സരങ്ങളും നഷ്ടമായതും രാജസ്ഥാന്‍റെ മുന്നേറ്റത്തെ ബാധിച്ചിരുന്നു. 2026 ഐപിഎല്‍ സീസണ് മുമ്പ് പരിശീലക സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ദ്രാവിഡ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക