ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര.

മുംബൈ: ഏഷ്യാ കപ്പിന് മുന്നോടിയായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍ എത്തും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മണ്‍. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ താരങ്ങളായ സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറുമാകും ലക്ഷ്മണൊപ്പം സിംബാബ്‌വെയിലേക്ക് പരിശീലകരായി പോവുക.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; ശിഖര്‍ ധവാനെ മാറ്റി, ഇന്ത്യക്ക് പുതിയ നായകന്‍

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര. ഏകദിന ടീമിന്‍റെ നായകനായ കെ എല്‍ രാഹുല്‍, ഏഷ്യാ കപ്പ് ടീമിലുള്ള ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ പരമ്പര പൂര്‍ത്തിയായശേഷം യുഎഇയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ധവാനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്നു,സിംബാ‌ബ്‌വെ പര്യടനത്തില്‍ രാഹുലിനെ നായകനാക്കിയതിനെതിരെ ആരാധകര്‍

ദ്രാവിഡിന് കുറച്ചു ദിവസക്കെ വിശ്രമം അനുവദിക്കുകയാണെന്നും ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‌വെയിലേക്ക് പോകുമെന്നും ജയ് ഷായെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ പര്യടനത്തിന് പോയാല്‍ 20ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ ദ്രാവിഡിന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അതുകൊണ്ടാണ് ലക്ഷ്മണെ പരിശീലകനായി സിംബാബ്‌വെയിലേക്ക് അയക്കുന്നതെന്നും ജയ് ഷാ വ്യക്തമാക്കി.

രവി ശാസ്ത്രിയില്‍ നിന്ന് പരിശീലക ചുമതല ഏറ്റെടുത്തശേഷം ദ്രാവിഡിന് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഐപിഎല്ലിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ എന്നിവയില്‍ ദ്രാവിഡ് ഭാഗമായി. ഇതിനിടക്ക് വന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ ലക്ഷ്മണും പരിശീലകനായി.