പരിശീലകനായും കിരീടത്തിനരികെ വരെയെത്താനെ ഇതുവരെ ദ്രാവിഡിനായിച്ചുള്ളൂ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകപ്പ് ഫൈനല്‍ ദ്രാവിഡും സംഘവും കപ്പിനരികെ വീണതിന് കണക്കില്ല.
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമാണിത്. ലോകത്തെ മികച്ച ബാറ്റര്‍മാരിലൊരാളായി തിളങ്ങിയപ്പോള്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടം പരിശീലകനായി നേടാനുള്ള തയാറെടുപ്പിലാണ് ദ്രാവിഡ്.
അതുകൊണ്ടുതന്നെ 'ഡു ഇറ്റ് ഫോര്‍ ദ്രാവിഡ്' ഹാഷ് ടാഗ് സോഷ്യല്‍ മീഡിയിൽ ട്രെന്‍ഡിങ്ങാണിപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫൈനലിനിറങ്ങുമ്പോള്‍ ദ്രാവിഡിനെ കൂടി ഓര്‍ക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ക്ലാസിക് ബാറ്ററായിട്ടും ലോകവേദികളില്‍ അത്ര മികച്ച റെക്കോര്‍ഡില്ല ദ്രാവിഡിന്. രണ്ടായിരത്തില്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി, 2003 ലോകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വി. ഏകദിന ലോകകപ്പില്‍ ദ്രാവിഡ് നായകത്വത്തില്‍ 2007ൽ വിന്‍ഡീസിലിറങ്ങിയപ്പോഴാകട്ടെ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴേക്കും ദ്രാവിഡ് കളി മതിയാക്കിയിരുന്നു.
ലോകകപ്പ് ഫൈനല്‍, ടീം ഇന്ത്യ, മലയാളി; വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ സഞ്ജു സാംസണ്‍
പരിശീലകനായും കിരീടത്തിനരികെ വരെയെത്താനെ ഇതുവരെ ദ്രാവിഡിനായിച്ചുള്ളൂ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകപ്പ് ഫൈനല്‍ ദ്രാവിഡും സംഘവും കപ്പിനരികെ വീണതിന് കണക്കില്ല. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ദ്രാവിഡിന് കിരീടം കൊണ്ടൊരു യാത്രയയപ്പ് ആഗ്രഹിക്കുന്നുണ്ട് താരങ്ങളും ആരാധകരും. അതില്‍ തന്നെ രോഹിതും സംഘവും ഇത്തവണം ദ്രാവിഡിന് വേണ്ടി കപ്പടിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
പക്ഷേ, ഒരാള്‍ക്ക് വേണ്ടി കിരീടം നേടണമെന്ന ചിന്ത ദ്രാവിഡിനത്ര പിടിച്ചിട്ടില്ല. മികച്ച ക്രിക്കറ്റ് കളിക്കാനാണ് താരങ്ങളും താനും ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും വേണ്ടി കിരീടം നേടണമെന്നത് ശരിയായ ചിന്തയല്ലെന്നും ദ്രാവിഡ് പറയുന്നു.ഇത്തരം പ്രാചരണങ്ങളൊക്കെ വ്യക്തിപരമായും പരിശീലകനെന്ന നിലയിലുമുള്ള എന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ടു തന്നെ ആര്‍ക്കെങ്കിലും വേണ്ടി കിരീടം നേടണമെന്ന പ്രചാരണത്തെ ഞാന്‍ അനുകൂലിക്കുന്നില്ല.
പണ്ട് ഇത്തരത്തില്‍ ഒരാളോട് ചോദിച്ചിരുന്നു. എവറസ്റ്റ് കീഴടക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന്. എവറസ്റ്റ് അവിടെയുള്ളതുകൊണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതുപോലെ ലോകകപ്പ് നേടണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ലോകകപ്പ് അവിടെ ഉള്ളതുകൊണ്ട് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അല്ലാതെ അതാര്‍ക്കും വേണ്ടിയല്ല, ആരുടേതുമല്ല, അതുകൊണ്ട് അത് ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം-സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.
എന്നാല്‍ ദ്രാവിഡിന്‍റെ ഈ തിയറി ആരാധകര്‍ക്ക് ദഹിക്കില്ല. കാരണം അത്രമേല്‍ അവർ ദ്രാവിഡിനെ സ്നേഹിക്കുന്നുണ്ട്. കിരീടം നേടി അയാള്‍ പരിശീലകകുപ്പായമഴിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കാത്തിരിക്കാം ഇന്ത്യയുടെ വന്‍മതിലിന്‍റെ കിരീടത്തോടെയുള്ള വിടവാങ്ങലിന്.
