ബെംഗളൂരു: ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാമ്പില്‍. ഇന്ത്യന്‍ ടീമിനെ പരിശീലനത്തിനിടെ സന്ദര്‍ശിച്ച ദ്രാവിഡിന്‍റെ ചിത്രം 'ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ സംഗമം' എന്ന തലക്കെട്ടോടെ ബിസിസിഐ ട്വീറ്റ് ചെയ്തു. ദ്രാവിഡിനൊപ്പം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയാണ് ചിത്രത്തിലുള്ളത്. 

പരിശീലകന്‍ രവി ശാസ്‌ത്രി, നായകന്‍ വിരാട് കോലി, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ക്കൊപ്പം സമയം ചിലവഴിച്ചു ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി വിമര്‍ശനങ്ങള്‍ നേരിടുന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് ഉപദേശങ്ങള്‍ നല്‍കാനും വന്‍മതില്‍ സമയം കണ്ടെത്തി. മൊഹാലിയില്‍ നാല് റണ്‍സില്‍ പുറത്തായിരുന്നു പന്ത്. 

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിച്ച പരിചയം ദ്രാവിഡിനുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ തുടങ്ങിയ താരങ്ങള്‍ ദ്രാവിഡിന്‍റെ ശിഷ്യന്‍മാരാണ്. ഇന്ത്യ എ, അണ്ടര്‍ 19 പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്‌ടറായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.