ലഞ്ചിന് പിരിയുമ്പോള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ലോര്‍ഡ്സിലെ രണ്ടാം സെഞ്ചുറിയിലെത്തി.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം 145-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ നിതീഷ് കുമാര്‍ റെഡ്ഡിയും ക്രീസില്‍. സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്തിന്‍റെയും വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് റിഷഭ് പന്ത് റണ്ണൗട്ടായപ്പോള്‍ ലഞ്ചിനുശേഷം സെഞ്ചുറി തികച്ച രാഹുല്‍ തൊട്ടുപിന്നാലെ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് പിരിയുമ്പോള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ലോര്‍ഡ്സിലെ രണ്ടാം സെഞ്ചുറിയിലെത്തി. ലോര്‍ഡ്സില്‍ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ വിദേശ ഓപ്പണറാണ് രാഹുല്‍. ബില്‍ ബ്രൗൺ, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഗ്രെയിം സ്മിത്ത് എന്നിവരാണ് രാഹുലിന് മുമ്പ് ലോര്‍ഡ്സില്‍ രണ്ട് സെഞ്ചുറി നേടിയ ഓപ്പണര്‍മാര്‍. സെഞ്ചുറി തികച്ചശേഷം നേരിട്ട മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 177 പന്തില്‍ 100 റണ്‍സടിച്ച രാഹുല്‍ 13 ബൗണ്ടറികള്‍ നേടി.

Scroll to load tweet…

നേരത്തെ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറിലായിരുന്നു 74 റണ്‍സെടുത്ത റിഷഭ് പന്ത് റണ്ണൗട്ടായത്. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. 112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷബ് പന്ത് 74 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് നിര്‍ഭാഗ്യകരമായി പന്ത് പുറത്തായത്.

Scroll to load tweet…

കൈവിരലിലെ പരിക്ക് അലട്ടിയിട്ടും സധൈര്യം ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് പന്തിന്‍റെ പോരാട്ടവും രാഹുലിന്‍റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിനോട് അടുപ്പിച്ചത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 127 റണ്‍സ് കൂടി വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക