പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തിലും മഴക്കളി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 22 ഓവറില്‍ രണ്ടിന് 158 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ഷായ് ഹോപ്പ് (19), ഷിംറോണ്‍ ഹെറ്റ്മയേര്‍ (18) എന്നിവരായിരുന്നു ക്രീസില്‍. കരിയറിലെ അവസാന ഏകദിനം കളിക്കുന്ന ക്രിസ് ഗെയ്ല്‍ (41 പന്തില്‍ 72), എവിന്‍ ലൂയിസ് (29 പന്തില്‍ 43) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്. 

നേരത്തെ, മത്സരത്തിന് ഒരു ഓവറും മൂന്ന് പന്തും പ്രായമായപ്പോള്‍ മഴ കളി തടസപ്പെടുത്തിയിരുന്നു. പിന്നാലെ മത്സരം തുടങ്ങിയപ്പോള്‍ വെടിക്കെട്ട് പ്രകടനാണ് ഗെയ്‌ലും ലൂയിസും പുറത്തെടുത്തത്. ഇരുവരും 10.5 ഓവറില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലൂയിസിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഖലീലിന്റെ അടുത്ത ഓവറില്‍ ഗെയ്‌ലും മടങ്ങി. അഞ്ച് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

ഹോപ്പും ഹെറ്റ്മയേറും സൂക്ഷിച്ചാണ് കളിച്ചത്. ഇരുവരും ഇതുവരെ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവിന് പകരം ചാഹല്‍ ടീമിലെത്തി.