ഐപിഎല്‍ ഫൈനലിന് മഴ ഭീഷണി. മത്സരം മുടങ്ങിയാല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ പഞ്ചാബ് കിംഗ്‌സ് വിജയികളാകും. ഓറഞ്ച് ക്യാപ്പ് സായ് സുദര്ശന് ഉറപ്പിച്ചു.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദില്‍ ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴ അല്‍പനേരം തടസ്സപ്പെടുത്തിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ അധികമായി രണ്ട് മണിക്കൂര്‍ ലഭിക്കും. പൂര്‍ണമായും കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റും. റിസര്‍വ് ദിനത്തിലും ഫൈനല്‍ അസാധ്യമായാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്‌സ് ആയിരിക്കും ചാമ്പ്യന്‍മാര്‍. ലീഗ് ഘട്ടത്തില്‍ ഒന്‍പത് ജയം വീതം നേടിയ ആര്‍സിബിക്കും പഞ്ചാബിനും 19 പോയിന്റ് വീതമാണെങ്കിലും മികച്ച റണ്‍നിരക്കിലാണ് പഞ്ചാബ് ഒന്നാം സ്ഥാനത്ത് എത്തിയത്.
അതേസമയം, ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനോട് തോറ്റ് പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്ശന് ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ 650 റണ്‍സടിച്ച ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സായ് സുദര്‍നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ സൂര്യകുമാര്‍ യാദവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ 26 പന്തില്‍ 44 റണ്‍സെടുത്ത് സൂര്യകുമാറും ഫൈനലിലെത്താതെ മുംബൈ ഇന്ത്യന്‍സും പുറത്തായതോടെ സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സേഫാക്കി. 627 റണ്‍സുമായി നാലാം സ്ഥാനത്തുള്ള മിച്ചല്‍ മാര്‍ഷിനും ഇനി മുന്നേറാന്‍ അവസരമില്ല.
614 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോലിക്കും 603 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്കും മാത്രമാണ് ഇനി സായ് സുദര്‍ശന് എന്തെങ്കിലും ഭീഷണി ഉയര്‍ത്താനാവു. എന്നാല്‍ സായ് സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ വിരാട് കോലി നാളെ ഫൈനലില്‍ 146 റണ്‍സും ശ്രേയസ് അയ്യര്‍ 157 റണ്‍സും നേടേണ്ടിവരും.



