ചൊവ്വാഴ്ച നടന്ന മത്സരത്തിന്‍റെ 16-ാം ഓവറിലായിരുന്നു സംഭവം. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോൾ പരാഗ് ഒരു വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലില്‍ വിവാദച്ചുഴിയിലായ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ചതിന് പരാഗിനെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ചു. ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിക്കപ്പെട്ട സാഹചര്യത്തിൽ, താരത്തിനെതിരെ ക്രിമിനൽ നടപടികൾക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച നടന്ന മത്സരത്തിന്‍റെ 16-ാം ഓവറിലായിരുന്നു സംഭവം. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോൾ പരാഗ് ഒരു വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. സ്‌റ്റേഡിയം പരിസരത്തും ഡ്രസ്സിങ് റൂമിലും പുകവലി ബിസിസിഐ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
ഇന്ത്യയിൽ 2019 മുതൽ നടപ്പിലാക്കിയ പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട് (PECA) പ്രകാരം ഇ-സിഗരറ്റുകളുടെ ഉപയോഗവും വിതരണവും നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷം വരെ തടവുശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ സാധ്യതയുണ്ട്. പല താരങ്ങളും ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ക്യാമറകൾക്ക് മുന്നിൽ ഇത്ര നിരുത്തരവാദപരമായി പ്രവർത്തിച്ചത് ഗൗരവകരമാണ്. ബിസിസിഐ ഇതിൽ കർശന നടപടി സ്വീകരിക്കാൻ നിർബന്ധിതരാകുമെന്ന് ഐപിഎൽ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ അച്ചടക്ക ലംഘനമാണിത്. കഴിഞ്ഞ മാസം ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദറിന് ബിസിസിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മാനേജർക്ക് പിന്നാലെ ക്യാപ്റ്റൻ തന്നെ വിവാദത്തിൽപ്പെട്ടത് ടീമിന് വലിയ തലവേദനയായിരിക്കുകയാണ്.
സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ദോഷം കുറവാണെന്ന ധാരണയുണ്ടെങ്കിലും ഇ-സിഗരറ്റുകൾ അതീവ അപകടകാരിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതിലെ ഉയർന്ന അളവിലുള്ള നിക്കോട്ടിൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഹൃദയാഘാത സാധ്യത കൂട്ടാനും കാരണമാകും. ഒരു കായിക താരം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നും വിമർശനമുണ്ട്. വിഷയത്തിൽ ബിസിസിഐ ഉടൻ തന്നെ രാജസ്ഥാൻ റോയൽസിനോടും പരാഗിനോടും വിശദീകരണം തേടും. നായകസ്ഥാനത്ത് നിന്ന് പരാഗിനെ മാറ്റണമെന്ന ആവശ്യവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
