മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വിജയിച്ചതോടെ ഐപിഎൽ പ്ലേ ഓഫ് ചിത്രം വ്യക്തമായി. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്കൊപ്പം രാജസ്ഥാനും അവസാന നാലിൽ ഇടംപിടിച്ചു. 

മുംബൈ: ഐപിഎല്ലിനെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ടോപ്പ് 4ലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചു. ജയത്തോടെ രാജസ്ഥാന് 16 പോയിന്റായി. ഇതോടെ പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചു.

രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍, കൊല്‍ക്കത്ത-ഡല്‍ഹി മത്സരം ഏറെ നിര്‍ണായകമാകുമായിരുന്നു. അങ്ങനെയെങ്കില്‍ രാജസ്ഥാനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ കൊല്‍ക്കത്തയ്ക്ക് ഡല്‍ഹി ഉയര്‍ത്തുന്ന ലക്ഷ്യം 12 ഓവറിനുള്ളില്‍ മറികടക്കേണ്ടി വരുമായിരുന്നു. എന്നാല്‍ മുംബൈയ്ക്കെതിരെ ജയം പിടിച്ചെടുത്തുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് മറ്റ് നാടകീയതകള്‍ക്ക് വഴിയൊരുക്കിയില്ല.

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മെയ് 26ന് ധരംശാലയില്‍ തുടക്കമാകും. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 31-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. അവര്‍ ധരംശാലയില്‍ നിന്ന് ന്യൂ ചണ്ഡീഗഡിലേക്ക് യാത്ര തിരിച്ച് 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മത്സരിക്കണം.

പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും 27ന് ന്യൂ ചണ്ഡീഗഡില്‍ നടക്കുന്ന എലിമിനേറ്ററില്‍ നേര്‍ക്കുനേര്‍ വരും. ഈ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. വിജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറുകയും, അവിടെ ആര്‍സിബി - ഗുജറാത്ത് മത്സരത്തില്‍ തോറ്റ ടീമിനെ നേരിടുകയും ചെയ്യും. രണ്ടാം ക്വാളിഫയര്‍ കഴിഞ്ഞ് ഒരു ദിവസത്തെ മാത്രം ഇടവേളയുള്ളതിനാല്‍, വിജയിക്കുന്ന രണ്ടാമത്തെ ഫൈനലിസ്റ്റ് മെയ് 30ന് അഹമ്മദാബാദിലേക്ക് തിരിക്കും.

എലിമിനേറ്ററില്‍ ട്രാവിസ് ഹെഡ് - അഭിഷേക് ശര്‍മ്മ സഖ്യത്തിന്റെ സ്‌ഫോടനാത്മകമായ ഓപ്പണിങ് കൂട്ടുകെട്ടുള്ള ഹൈദരാബാദും, മികച്ച ഫോമിലുള്ള രാജസ്ഥാനും തമ്മിലുള്ള പോരാട്ടം ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

YouTube video player