കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്.

ഗുവാഹത്തി:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയിലാണ്. 22 പന്തില്‍ 58 റണ്‍സുമായി നിതീഷ് റാണയും 11 പന്തില്‍ 16 റണ്‍സോടെ സഞ്ജു സാംസണും ക്രീസില്‍. നാലു റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് രാജസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ചെന്നൈക്കായി ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു.

പവറോടെ റാണ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ(4) മിഡോണില്‍ അശ്വിന്‍റെ കൈകളിലെത്തിച്ച ഖലീല്‍ അഹമ്മദാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ജെയിംസ് ഓവര്‍ടണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നിതീഷ് റാണ തകര്‍ത്തടിച്ച് 14 റണ്‍സെടുത്തു. കരുതലോടെ കളിച്ച സഞ്ജു നേരിട്ട ആദ്യ അഞ്ച് പന്തില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഖലീല്‍ അഹമ്മദിനെതിരെ സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. തൊട്ടടുത്ത ഓവറില്‍ ജെയിംസ് ഓവര്‍ടണെതിരെ സഞ്ജു ആദ്യ സിക്സ് പറത്തി. നാലാം ഓവറില്‍ 15 റണ്‍സടിച്ച സഞ്ജുവും റാണയും അശ്വിനെറിഞ്ഞ അഞ്ചാം ഓവറില്‍ 19 റണ്‍സ് കൂടി നേടി രാജസ്ഥാന്‍റെ പവര്‍ പ്ലേ പവറാക്കി. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിതീഷ് റാണ ഖലീല്‍ അഹമ്മദ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍തത് രാജസ്ഥാനെ 79ല്‍ എത്തിച്ചു.

ഐപിഎല്‍: രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീമില്‍ മാറ്റം

നേരത്തെ രാജസ്ഥാനെതിരെ നിര്‍ണായക ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ സാം കറന് പകരം ജെയിംസ് ഓവര്‍ടണും ദീപക് ഹൂഡക്ക് പകരം വിജയ് ശങ്കറും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രാജസ്ഥാന്‍ റോയല്‍സ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. റിയാന്‍ പരാഗ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും രാജസ്ഥാനെ നയിക്കുന്നത്.

ഐപിഎല്‍: ഹൈദരാബാദിന്‍റെ ഫ്യൂസൂരി ഡല്‍ഹി, 7 വിക്കറ്റ് ജയവുമായി രണ്ടാമത്

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജാമി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക