ജയ്പൂര്‍: അടുത്ത സീസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വേദികളില്‍ കളിച്ചേക്കും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ട്. ഇതുകൂടാതെ അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും രാജസ്ഥാന്‍ കളിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. 

നേരത്തെ ഫ്രാഞ്ചൈസിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ജേക്ക് ലഷ് മക്രം, അസമില്‍ നിന്നുള്ള രാജസ്ഥാന്റെ യുവതാരം റയാന്‍ പരാഗിനൊപ്പം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. മൂന്ന് ഹോം മാച്ചുകള്‍ ഗുവാഹത്തിയില്‍ നടത്താനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. ബാക്കിയുള്ള മത്സരങ്ങള്‍ ജയ്പൂരില്‍ തന്നെ നടക്കും. നേരത്തെ, മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം രാജസ്ഥാന്‍ കളിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ തന്നെയാണ് മത്സരങ്ങള്‍ പുറത്തുനടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. രാജസ്ഥാന്റെ ഈ ആവശ്യത്തിന് സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അനുമതി നല്‍കുകയായിരുന്നു.