ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഡല്‍ഹിക്കായി സീസണിലെ ആദ്യ മത്സരം കളിക്കും. മോശം ഫോമിലുള്ള ഡല്‍ഹിക്ക് സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രതിസന്ധി.
ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രവി ബിഷ്‌ണോയ് രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്തി. മൂന്ന് മത്സരങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് ഡല്‍ഹി ജേഴ്‌സിയില്‍ സീസണിലെ ആദ്യ മത്സരം കളിക്കും. ഡേവിഡ് മില്ലര്‍ക്കും വിശ്രമം അനുവദിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ് : കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, കൈല്‍ ജാമിസണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ടി നടരാജന്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്ണോയ്, നന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ്മ.
രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ആശങ്കയുടേയും ആവലാതിയുടേയും നടുവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് കളിയില്‍ അഞ്ചിലും തോല്‍വി. അവസാന മൂന്ന് മത്സരത്തില്‍ തുടരെ നിരാശ. കെ എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി. ബെംഗളൂരുവിനെതിരെ തകര്‍ന്നടിഞ്ഞത് വെറും 75 റണ്‍സിന്. രണ്ടക്കം കണ്ടത് മൂന്നുപേര്‍ മാത്രം. ഈ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് വെല്ലുവിളി.

