ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് ജോഫ്ര ആർച്ചർ നൽകിയത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഫിൽ സാൾട്ടിനെ (0) പുറത്താക്കി ആർച്ചർ ബംഗളൂരുവിനെ ഞെട്ടിച്ചു.
ഗുവാഹത്തി: ഐപിഎല്ലിലെ 'റോയൽ' പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൻണ്‍സ് വിജയലക്ഷ്യം. ബാർസപ്പാറ സ്റ്റേഡിയത്തിൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ രജത് പാട്ടിദാറിന്റെ (63) അർദ്ധ സെഞ്ച്വറിയും വെങ്കിടേഷ് അയ്യരുടെ (29*) അവസാന ഓവർ വെടിക്കെട്ടുമാണ് ആർസിബിയെ 200 കടത്തിയത്.
തുടക്കത്തിൽ ഞെട്ടിച്ച് ആർച്ചർ; തിരിച്ചടിച്ച് കോലിയും പടിക്കലും
ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് സ്വപ്നതുല്യമായ തുടക്കമാണ് ജോഫ്ര ആർച്ചർ നൽകിയത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഫിൽ സാൾട്ടിനെ (0) പുറത്താക്കി ആർച്ചർ ബംഗളൂരുവിനെ ഞെട്ടിച്ചു. എന്നാൽ പിന്നീട് ഒത്തുചേർന്ന വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് രാജസ്ഥാൻ ബൗളർമാരെ കടന്നാക്രമിച്ചു. കോലി 16 പന്തിൽ 32 റൺസെടുത്ത് രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നൽകി മടങ്ങി. ഷിമ്രോൺ ഹെറ്റ്‌മെയറുടെ ഉജ്ജ്വലമായ ക്യാച്ചിൽ പടിക്കലും പുറത്തായതോടെ ആർസിബി പതറി.
മധ്യനിരയിൽ ബിഷ്‌ണോയിയുടെ സ്പിൻ കെണി
മധ്യനിരയിൽ രവി ബിഷ്ണോയിയും ബ്രിജേഷ് ശർമ്മയും ചേർന്ന് ബംഗളൂരുവിനെ വരിഞ്ഞുമുറുക്കി. ക്രുണാൽ പാണ്ഡ്യ (1), ജിതേഷ് ശർമ്മ (5), ടിം ഡേവിഡ് (13) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. റൊമാരിയോ ഷെപ്പേർഡിനെ (22) രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ ആർസിബി ഒരു ഘട്ടത്തിൽ 94-6ലേക്കും 125-7ലേക്കും കൂപ്പുകുത്തി.
നായകന്റെ കളി; രക്ഷകനായി വെങ്കിടേഷ് അയ്യർ
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും നായകൻ രജത് പാട്ടിദാർ ക്രീസിൽ ഉറച്ചുനിന്നു തകര്‍ത്തടിച്ചു. 40 പന്തിൽ നിന്ന് 63 റൺസ് നേടിയ പാട്ടിദാർ ടീമിനെ 150 കടത്തിയ ശേഷമാണ് സന്ദീപ് ശർമ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയത്. അവസാന ഓവറുകളിൽ ഇംപാക്ട് പ്ലെയറായി എത്തിയ വെങ്കിടേഷ് അയ്യർ പുറത്താകാതെ 15 പന്തില്‍ 29 റൺസ് നേടി. ഇന്നിംഗ്സിലെ അവസാന പന്തിൽ സിക്സർ പറത്തിയാണ് അയ്യർ ടീമിനെ 200 കടത്തിയത്. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചറും രവി ബിഷ്ണോയിയും ബ്രിജേഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴ കളിച്ച പിച്ചിൽ 202 റൺസ് എന്ന ലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും നല്‍കുന്ന തുടക്കം നിർണായകമാകും.
