കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പടിദാര്‍. നല്ല സമയമായിരുന്നില്ല അതെന്നാണ് പടിദാര്‍ പറയുന്നത്.

വിശാഖപണട്ടം: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റില്‍ രജത് പടിദാര്‍ അരങ്ങേറുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിടുനിന്ന വിരാട് കോലിക്ക് പകരമാണ് പടിദാറ് ടീമിലെത്തുന്നത്. 2023ല്‍ പരിക്കിനെ തുടര്‍ന്ന് പടിദാര്‍ ഏറിയ പങ്കും പുറത്തായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാളില്‍ നടന്ന ഏകദിനത്തിലാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നാളെ ടെസ്റ്റും അരങ്ങേറ്റത്തിന് അരങ്ങൊരുങ്ങുന്നു.

കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പടിദാര്‍. നല്ല സമയമായിരുന്നില്ല അതെന്നാണ് പടിദാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പരിക്കേല്‍ക്കുന്നത് ഏതൊരു കളിക്കാരനും ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിക്കില്‍ നിന്ന് മോചിതനാവാനെടുക്കുന്ന സമയം എനിക്ക് തീരുമാനിക്കാന്‍ പറ്റില്ല. ആ വസ്തുത അംഗീകരിക്കുകയും ആ സമയത്ത് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.'' പടിദാര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം ക്യാംപിലിരിക്കുന്നതിനെ കുറിച്ചും പടിദാര്‍ സംസാരിച്ചു. ''ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പരമ്പരകള്‍ മുതല്‍ ഞാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഞാന്‍ മുമ്പ് അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍ ഈ പര്യടനത്തില്‍ എനിക്ക് അദ്ദേഹത്തോട് ബാറ്റിംഗിനെക്കുറിച്ച് ഒരുപാട് സംസാരിക്കാന്‍ കഴിഞ്ഞു. നെറ്റ്‌സിലെ അനുഭവം അദ്ദേഹം പങ്കുവച്ചു. ഇതെല്ലാം എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ' പടിദാര്‍ പറഞ്ഞു.

ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ചും പടിദാര്‍ സംസാരിച്ചു. ''പരിക്കിന് ശേഷമുള്ള എന്റെ ആദ്യ ടെസ്റ്റ് ടീമിലേക്ക് വിളിവന്നത് വളരെയധികം സന്തോഷിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതായിരുന്നു ആദ്യ സ്വപ്നം. എനിക്ക് വിളി വന്നപ്പോള്‍ ഞാന്‍ ഇന്ത്യ എയ്ക്ക് വേണ്ടി മത്സരങ്ങള്‍ കളിക്കുകയായിരുന്നു, അത് വളരെയധികം സന്തോഷിപ്പിച്ചു.'' പടിദാര്‍ കൂട്ടിചേര്‍ത്തു.

ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി! പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം പുറത്ത്; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം