2026 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം കിരീടം നേടി. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍, ഒരു ടീമിനും നേടാനാകാത്ത തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടമാണ് അടുത്തതായി ലക്ഷ്യമിടുന്നത്.
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഞായറാഴ്ച നടന്ന ഐപിഎല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി കിരീടം നിലനിര്‍ത്തിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആര്‍സിബി മാറി.
സിഎസ്‌കെയും മുംബൈയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും, ഒരു ടീമിനും ഇതുവരെ തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആര്‍സിബിയെ എത്തിക്കാനാണ് പാട്ടീദാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തന്റെ 33-ാം ജന്മദിനത്തിന്റെ തലേന്നാണ് ആര്‍സിബി നായകന്‍ രണ്ടാമത്തെ ഐപിഎല്‍ കിരീടം വാനിലുയര്‍ത്തിയത്. ''വളരെ സന്തോഷം തോന്നുന്നു, ഇത് എനിക്കുള്ള സവിശേഷമായ ഒരു ജന്മദിന സമ്മാനമാണ്. ഇതിലും മികച്ചൊരു സമ്മാനം എനിക്ക് ചോദിച്ചു വാങ്ങാനില്ല. ഈ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെങ്കിലും, എപ്പോഴും നിലവിലെ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.'' പടിധാര്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''ഞങ്ങള്‍ 2025ലും ഇപ്പോള്‍ 2026ലും വിജയിച്ചു, ഈ വിജയം ഞങ്ങള്‍ തീര്‍ച്ചയായും ആഘോഷിക്കും. എന്നാല്‍ വൈകാതെ തന്നെ ഞങ്ങളുടെ ശ്രദ്ധ എങ്ങനെ തുടര്‍ച്ചയായി മൂന്നാം കിരീടം നേടാം എന്നതിലേക്ക് മാറും. ഈ വര്‍ഷത്തെ അപേക്ഷിച്ച് 2025-ല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഞങ്ങള്‍ കളിച്ച രീതി കാരണം കാര്യങ്ങള്‍ കൂടുതല്‍ ശാന്തമായിരുന്നു. ഞങ്ങള്‍ വെറുതെ ജയിക്കുകയല്ല ചെയ്തത്, മറിച്ച് ടൂര്‍ണമെന്റില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുകയായിരുന്നു. എന്റെ ക്യാപ്റ്റന്‍സി ശൈലി അല്പം വ്യത്യസ്തമാണ്; ഞാന്‍ അധികം വികാരങ്ങള്‍ പ്രകടിപ്പിക്കാറില്ല, എങ്കിലും കളിയുടെ സാഹചര്യങ്ങളെക്കുറിച്ച് എപ്പോഴും ബോധവാനാണ്. മാനേജ്മെന്റില്‍ നിന്നും കളിക്കാരില്‍ നിന്നും ലഭിച്ച പിന്തുണയാണ് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയത്.'' പടിധാര്‍ വ്യക്തമാക്കി.
നായകനായി മാത്രമല്ല, ബാറ്ററായും പാട്ടീദാര്‍ ഈ സീസണില്‍ തിളങ്ങി. 15 മത്സരങ്ങളില്‍ നിന്ന് 41.75 ശരാശരിയിലും 192.69 സ്‌ട്രൈക്ക് റേറ്റിലും 501 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ക്വാളിഫയര്‍ 1-ല്‍ ടൈറ്റന്‍സിനെതിരെ വെറും 33 പന്തില്‍ നിന്ന് നേടിയ വെടിക്കെട്ട് 93 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു.

