മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി വിരമിക്കാറായില്ലെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാര്‍ രാജീവ് ശുക്ല. 'ധോണി മഹാനായ ക്രിക്കറ്റ് താരമാണ്. ഇനിയുമേറെ ക്രിക്കറ്റ് ധോണിയില്‍ ബാക്കിയുണ്ട്. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിയുടേത് മാത്രമായിരിക്കും. എപ്പോഴാണ് വിരമിക്കേണ്ടത് എന്ന തീരുമാനം താരങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ് ബിസിസിഐ നയം' എന്നും അദേഹം വ്യക്തമാക്കി. 

ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. എന്നാല്‍, ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ടീം ഇന്ത്യ പുറത്തായശേഷം ഇന്ത്യന്‍ ജഴ്‌സിയണിച്ചിട്ടില്ല മുപ്പത്തിയെട്ടുകാരനായ താരം. താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാറില്‍ നിന്ന് ധോണിയെ ബിസിസിഐ ഒഴിവാക്കിയിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കും. 

ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ എന്നാണ് ധോണിക്കുള്ള വിശേഷണം. ധോണി 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചു. ഏകദിനത്തില്‍ 10773 ഉം ടെസ്റ്റില്‍ 4876 ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും നേടി. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി. ധോണി 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി.