ഒക്ടോബർ നാലിന് അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഒഴിവുള്ള സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിലേക്ക് അജിത് അഗാര്‍ക്കറുടെ പകരക്കാരനായി മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാർ എത്തുമെന്ന് റിപ്പോര്‍ട്ട്. രമേഷ് പവാര്‍ സെലക്ഷൻ കമ്മിറ്റി അംഗമായാല്‍ അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ ഇടക്കാല ചീഫ സെലക്ടറായ മുൻ താരം പ്രഗ്യാൻ ഓജ പുതിയ ചീഫ് സെലക്ടറായി ചുമതലയേൽക്കുമെന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ നാലിന് അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഒഴിവുള്ള സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചത്. തുടർന്ന് ഒക്ടോബർ 15-ന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ, മുൻ ബറോഡ താരങ്ങളായ കോണർ വില്ല്യംസ്, ജേക്കബ് മാർട്ടിൻ എന്നിവരടക്കമുള്ളവരെ അഭിമുഖം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വനിതാ ടീമിന്‍റെ മുൻ പരിശീലകൻ കൂടിയായ രമേഷ് പവാറിനെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാൻ സിഎസി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

അതിനിടെ, ഭാവിയിൽ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിന്‍റെ ഒരു പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്. നിലവിലെ സിഒഇയും മുൻ ഇന്ത്യൻ താരവുമായ വി.വി.എസ്. ലക്ഷ്മൺ ഇതോടെ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകും. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തീരുമാനിക്കാൻ വെള്ളിയാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിൽ ലക്ഷ്മൺ പങ്കെടുത്തിരുന്നു. കളിക്കാരുടെ പരിക്കുകളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും സെലക്ടർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ലക്ഷ്മണിന്‍റെ സാന്നിധ്യം സഹായിക്കും.

ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലും വൻ മാറ്റങ്ങളാണ് വരുന്നത്. മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ് ജൂനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കുമെന്നാണ് റിപ്പോര്‍ട്ട്. നോർത്ത് സോണിൽ നിന്ന് അരുൺ ശർമ്മ, വെസ്റ്റ് സോണിൽ നിന്ന് എൽ. പവാർ, ഈസ്റ്റ് സോണിൽ നിന്ന് രാജേഷ് ബോറ, സെൻട്രൽ സോണിൽ നിന്ന് പങ്കജ് സിംഗ് എന്നിവരും ജൂനിയർ സെലക്ഷൻ കമ്മിറ്റിയിൽ ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്.