രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്ര ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സുമായി അര്‍പിത് വാസവദയാണ് ക്രീസില്‍. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ആറാമനായി ക്രിസിലെത്തിയെങ്കിലും നാലു റണ്ണെടുത്തു നില്‍ക്കെ ശാരീരിക ആസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ക്രീസ് വിട്ടത് സൗരാഷ്ട്രക്ക് കനത്ത തിരിച്ചടിയായി.

ടോസ് നേടി ക്രീസിലിറങ്ങിയ സൗരാഷ്ട്രക്ക് ഹര്‍വിക് ദേശായിയും അവി ബാരറ്റും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സടിച്ചു. ഹര്‍വിക് ദേശായിയെ(38) മടക്കി ഷഹബാസ് അഹമ്മദാണ് ബംഗാളിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ അവി ബാരറ്റും(54), വിശ്വരാജ് ജഡേജയും(54) ചേര്‍ന്ന് സൗരാഷ്ട്രയെ മികച്ച സ്കോറിലേക്ക് നയിക്കുന്നതിനിടെ ഇരുവരെയും മടക്കി അകാശ് ദീപ് ബംഗാളിന് മേല്‍ക്കൈ നല്‍കി.

അര്‍പിദ് വാസവദ പിടിച്ചു നിന്നെങ്കിലും ഷെല്‍ഡണ്‍ ജാക്സണെ(14), ഇഷാന്‍ പരോള്‍ വീഴ്ത്തുകയും പൂജാര റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തതിന് പിന്നാലെ ചേതന്‍ സക്കറിയയെ(4) കൂടി മടക്കി അകാശ്ദീപ് ബംഗാളിന് നേരിയ മേല്‍ക്കൈ നല്‍കി. രണ്ടാം ദിനം പൂജാര ക്രീസിലെത്തുകയാണെങ്കില്‍ സൗരാഷ്ട്രക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ലക്ഷ്യംവെക്കാം. ബംഗാളിനായി അകാശ്ദീപ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ പരോളും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റെടുത്തു.