മുംബൈ: രഞ്ജി ട്രോഫി സീസണ് തുടക്കമായപ്പോള്‍ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലരും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോല്‍ ഇന്ത്യയുടെ വിശ്വസ്തനായ ചേതേശ്വര്‍ പൂജാരയ്ക്കും മലയാളി താരം കരുണ്‍ നായര്‍ക്കും നിരാശ.

ഉത്തേജക വിലക്കിനുശേഷം ആദ്യമായി ക്രീസിലിറങ്ങിയ പൃഥ്വി ഷാ ബറോഡക്കെതിരെ മുംബൈക്കായി 62 പന്തില്‍ 66 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 79 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്കോററായി. ആദ്യ ദിനം മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചു. ഇന്ത്യന്‍ താരമായ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മുംബൈക്കായി 63 പന്തില്‍ 64 റണ്‍സടിച്ചു.

മറ്റൊരു ഹെവി വെയ്റ്റ് പോരാട്ടത്തില്‍ തമിഴ്നാടിനെതിരെ കര്‍ണാടക പതറുകയാണ്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ കര്‍ണാടക ആറ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സടിച്ചിട്ടുണ്ട്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 78 റണ്‍സടിച്ച് കര്‍ണാടകയുടെ ടോപ് സ്കോററായപ്പോള്‍ എട്ട് റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ നിരാശപ്പെടുത്തി.

നിലവിലെ റണ്ണറപ്പുകളായ സൗരാഷ്ട്ര ജയദേവ് ഉനദ്ഘട്ടിന്റെ ബൗളിംഗ് മികവില്‍ ഹിമാചലിനെ 120 റണ്‍സിന് ഓള്‍ ഔട്ടാക്കിയെങ്കിലും ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 93/7 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യയുടെ വിശ്വസ്തനായ പൂജാര രണ്ട് റണ്ണെടുത്ത് പുറത്തായി.

നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭക്കെതിരെ ആന്ധ്ര 211 റണ്‍സിന് പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഹനുമാ വിഹാരി 83 റണ്‍സെടുത്ത് ടോപ് സ്കോററായി.