രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 425 റണ്‍സ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗാള്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സുമായി സുദീപ് ചാറ്റര്‍ജിയും നാലു റണ്ണോടെ വൃദ്ധിമാന്‍ സാഹയും ക്രീസില്‍.

സുദീപ് കുമാര്‍ ഗരമി(26), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(9), മനോജ് തിവാരി(35) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ബംഗാളിന് ഇനിയും 291 റണ്‍സ് കൂടി വേണം. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുന്നവര്‍ക്ക് കിരീടം സ്വന്തമാക്കാം.

നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച സൗരാഷ്ട്ര ഇന്ന് 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു ഓള്‍ ഔട്ടായി. ചിരാഗ് ജനി (14), ജയ്‌ദേവ് ഉനദ്ഘട് (20) എന്നിവരുടെ വിക്കറ്റുകളണ് സൗരാഷ്ട്രയ്ക്ക് ഇന്ന് നഷ്ടമായത്.

നേരത്തെ അര്‍പിത് വാസവദയുടെ (106) സെഞ്ചുറിയാണ് സൗരാഷ്ട്രയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (66), വിശ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആകാശ് ദീപ് ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്നും മുകേഷ് കുമാര്‍ രണ്ടും ഇഷാന്‍ പോറല്‍ ഒരു വിക്കറ്റും വീഴ്ത്തി.