S Sreesanth Injury : പരിക്കേറ്റ വിവരം 39കാരനായ ശ്രീശാന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു

രാജ്‌കോട്ട്: കേരള ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്തിന് (S Sreesanth) രഞ്ജി ട്രോഫിയിൽ (Ranji Trophy 2021-22) ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവും. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരെ കേരളത്തിന്‍റെ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയക്കെതിരായ ആദ്യ മത്സരത്തിൽ ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു. പരിക്കേറ്റ വിവരം 39കാരനായ ശ്രീശാന്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ശ്രീശാന്തിന് എപ്പോള്‍ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് വ്യക്തമല്ല. 

രഞ്ജിയില്‍ കേരള എക്‌സ്‌പ്രസ്

രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കുതിക്കുകയാണ് കേരളം. മേഘാലയയെയാണ് കേരളം ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനും കേരളം ജയിക്കുകയായിരുന്നു. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്‌സ് 148ന് അവസാനിച്ചു. പിന്നാലെ ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി. നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റക്കാരനായ ഏദന്‍ മത്സരത്തില്‍ ഒന്നാകെ ആറ് വിക്കറ്റ് സ്വന്തമാക്കി. 

രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെതിരെയും ത്രസിപ്പിക്കുന്ന ജയം കേരളം സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്. 214 ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം രോഹന്‍ കുന്നുമ്മലിന്‍റെ ഉജ്ജ്വല സെഞ്ചുറിയുടെയും സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തിലാണ് ജയിച്ചുകയറിയത്. ഏകദിന ശൈലിയിലായിരുന്നു രോഹന്‍റെ ബാറ്റിംഗ്. വെറും 87 പന്തുകളില്‍ നിന്ന് രോഹന്‍ 106 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ കേരള താരമായി രോഹന്‍ മാറി. 76 പന്തുകള്‍ നേരിട്ട സച്ചിന്‍ 62 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍: ഗുജറാത്ത്- 388, 264. കേരളം- 439, 214-2.

Scroll to load tweet…

അസ്‌തമിച്ച് ശ്രീശാന്തിന്‍റെ ഐപിഎല്‍ മോഹം

അടുത്തിടെ ഐപിഎല്‍ മെഗാതാരലേലത്തില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തിന് ഒരു ടീമിലും ഇടം നേടാനായിരുന്നില്ല. 50 ലക്ഷം രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാനവില. 2013ന് ശേഷം ആദ്യമായി ഐപിഎല്‍ ടീമില്‍ എത്താമെന്ന ശ്രീശാന്തിന്‍റെ പ്രതീക്ഷ ഇതോടെ അസ്‌തമിച്ചു. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്നു എസ് ശ്രീശാന്ത്. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ പിന്നീട് വിലക്കേര്‍പ്പെടുത്തി. നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് ശ്രീശാന്തിന് നീതി കിട്ടിയത്. കഴിഞ്ഞ സീസണിലും ലേലത്തിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീശാന്ത് അന്തിമപട്ടികയില്‍ ഇടംപിടിച്ചില്ല.

IND vs SL: ഒടുവില്‍ ബിസിസിഐ വഴങ്ങി; കോലിയുടെ നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും