ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 265 റണ്‍സില്‍ പുറത്തായപ്പോള്‍ ഗോവ 311 റണ്‍സെടുത്തിരുന്നു
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളത്തിന് 126 റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 55 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍ കേരളം നാളെ ബാറ്റിംഗ് പുനരാരംഭിക്കും. 129 പന്തില്‍ 68* റണ്‍സുമായി രോഹന്‍ പ്രേമും 48 പന്തില്‍ 28* റണ്‍സുമായി ജലജ് സക്‌സേനയുമാണ് ക്രീസില്‍.
രോഹന്‍ എസ് കുന്നുമ്മല്‍(50 പന്തില്‍ 34), ഷോണ്‍ റോജര്‍(15 പന്തില്‍ 11), രാഹുല്‍ പി(43 പന്തില്‍ 16), സച്ചിന്‍ ബേബി(18 പന്തില്‍ 4), അക്ഷയ് ചന്ദ്രന്‍(21 പന്തില്‍ 4), സിജോമോന്‍ ജോസഫ്(6 പന്തില്‍ 1) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് നഷ്ടമായത്. മോഹിത് രേദ്‌കര്‍ മൂന്നും ശുഭം ദേശായി രണ്ടും ലക്ഷയ് എ ഗാര്‍ഗ് ഒന്നും വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ രോഹന്‍ പ്രേം-ജലജ് സക്‌സേന സഖ്യം 96 പന്തില്‍ പുറത്താകാതെ 44 റണ്‍സ് ചേര്‍ത്താണ് ക്രീസില്‍ നില്‍ക്കുന്നത്.
വീണ്ടും സക്‌സസ് സക്‌സേന
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 265 റണ്‍സില്‍ പുറത്തായപ്പോള്‍ ഗോവ 311 റണ്‍സെടുത്തിരുന്നു. 105 റണ്‍സ് നേടിയ ഇഷാന്‍ ഗഡേക്കറാണ് ഗോവയുടെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന കേരളത്തിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. സിജോമോന്‍ ജോസഫിന് മൂന്ന് വിക്കറ്റുണ്ട്. അഞ്ചിന് 200 എന്ന നിലയിലാണ് ഗോവ മൂന്നാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ദര്‍ഷന്‍ മിസല്‍(43) ആദ്യം മടങ്ങി. സക്‌സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍(6) പെട്ടന്ന് മടങ്ങിയതോടെ കേരളം ലീഡ് പിടിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ ഗഡേക്കര്‍- മോഹിത് റെഡ്കര്‍(37) സഖ്യം കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമാക്കി. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കി ഗഡേക്കര്‍ മടങ്ങി. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വാലറ്റക്കാരന്‍ ലക്ഷയ് ഗാര്‍ഗ്(5) നേരത്തെ മടങ്ങിയെങ്കിലും ശുഭം ദേശായ്(15) വിലപ്പെട്ട സംഭാവന നല്‍കി. മോഹിതിനെ സക്‌സേന പുറത്താക്കിയതോടെ ഗോവയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.
ജലജ് സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്; രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളം ലീഡ് വഴങ്ങി
