പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സൗരാഷ്‌ട്രയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പുതന്നെ ഓപ്പണര്‍ ഹാര്‍വിസ് ദേശായിയെ നഷ്‌ടമായിരുന്നു

രാജ്‌കോട്ട്: രഞ്ജി ട്രോഫിയിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെതിരെ സൗരാഷ്‌ട്രയെ രക്ഷിച്ച് പാര്‍ത്ഥ് ഭട്ടിന്‍റെ വിസ്‌മയ സെഞ്ചുറി. ആദ്യ ഇന്നിംഗ്‌സില്‍ സൗരാഷ്‌ട്ര 303 റണ്‍സില്‍ പുറത്തായപ്പോള്‍ 9-ാംമനായി ഇറങ്ങി 155 പന്തില്‍ 11 ഫോറും 4 സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 111 റണ്‍സുമായി പാര്‍ത്ഥ് ഭട്ട് തിളങ്ങുകയായിരുന്നു. 

പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സൗരാഷ്‌ട്രയ്ക്ക് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പുതന്നെ ഓപ്പണര്‍ ഹാര്‍വിസ് ദേശായിയെ നഷ്‌ടമായിരുന്നു. സഹ ഓപ്പണര്‍ സ്നേല്‍ പട്ടേല്‍ 131 പന്തില്‍ 70 റണ്‍സുമായി തിളങ്ങിയെങ്കിലും മധ്യനിര നിരാശപ്പെടുത്തി. വിശ്വ‌രാജ് ജഡേജ 56 പന്തില്‍ 28 ഉം ഷെല്‍ഡണ്‍ ജാക്‌സണ്‍ 18 പന്തില്‍ 18 ഉം ക്യാപ്റ്റന്‍ അര്‍പിത് വസവാഡ 8 പന്തില്‍ പൂജ്യവും ചിരാജ് ജാനി 25 പന്തില്‍ 8 ഉം പ്രേരക് മങ്കാദ് 13 പന്തില്‍ 5 ഉം ധര്‍മ്മേന്ദ്രസിംഗ് ജഡേജ 15 പന്തില്‍ 12 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വാലറ്റത്ത് ചേതന്‍ സക്കരിയയും(49 പന്തില്‍ 22), യുവ്‌രാജ് ദോദിയയും(17 പന്തില്‍ 50) പൊരുതിനോക്കി. ഇതിനിടെയായിരുന്നു 9-ാം നമ്പറുകാരന്‍ പാര്‍ത്ഥ് ഭട്ടിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി. 

147 റണ്‍സിന് എട്ട് വിക്കറ്റ് നഷ്‌ടമായ സൗരാഷ്‌ട്രയെ മുന്നൂറ് കടത്തിയത് ഭട്ടിന്‍റെ ഈ സെഞ്ചുറിയായിരുന്നു. ഒന്‍പതാം വിക്കറ്റില്‍ സക്കരിയക്കൊപ്പം 61 റണ്‍സിന്‍റെയും അവസാന വിക്കറ്റില്‍ ദോദിയക്കൊപ്പം 95 റണ്‍സിന്‍റേയും കൂട്ടുകെട്ട് 25കാരനായ ഇടംകൈയന്‍ സ്‌പിന്നര്‍ പാര്‍ത്ഥ് ഭട്ട് സ്ഥാപിച്ചു. സൗരാഷ്‌ട്രയ്ക്ക് എട്ടാം വിക്കറ്റ് നഷ്‌മാകുമ്പോള്‍ ഭട്ട് അക്കൗണ്ട് തുറന്നിട്ടുപോലുമുണ്ടായിരുന്നില്ല. പാര്‍ത്ഥ് ഭട്ടിന്‍റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. 2019ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഭട്ട് ഇതുവരെ നേടിയിരുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 49 ആയിരുന്നു. പഞ്ചാബ് ബൗളര്‍മാരില്‍ മായങ്ക് മര്‍ക്കാണ്ഡെ നാലും ബല്‍തെ‌ജ് സിംഗ് മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും നമാന്‍ ധിര്‍ ഒന്നും വിക്കറ്റ് നേടി. 

സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒന്നാംദിനം സ്റ്റംപ് എടുത്തപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 3 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. രണ്ട് റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിഗും ഒരു റണ്ണുമായി നമാന്‍ ധിറുമാണ് ക്രീസില്‍. സൗരാഷ്‌ട്ര സ്‌കോറിനേക്കാള്‍ 300 റണ്‍സ് പിന്നിലാണ് പഞ്ചാബ്. 

Scroll to load tweet…