രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പുകളായ കേരളത്തിന് ബിസിസിഐ നല്‍കുന്ന മൂന്ന് കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും പാരിതോഷികം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസയേഷന്‍(കെസിഎ). കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകുമെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും പറഞ്ഞു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അം​ഗങ്ങൾക്കും ടീം മാനേജ്മെന്‍റിനുമായി നൽകുമെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പുകളായ കേരളത്തിന് ബിസിസിഐ നല്‍കുന്ന മൂന്ന് കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും പാരിതോഷികം പ്രഖ്യാപിച്ചത്. രഞ്ജി ചാമ്പ്യൻമാരായ വിദര്‍ഭക്ക് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു കോടി രൂപ സമ്മാനത്തുക നല്‍കിയപ്പോഴാണ് കെസിഎ രണ്ടാം സ്ഥാനത്തെത്തി ചരിത്രനേട്ടം സ്വന്തമാക്കിയ കേരള ടീമിന് നാലരകോടി പാരിതോഷികം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിരാശപ്പെടുത്തി വീണ്ടും രോഹിത്, ഗില്ലും മടങ്ങി, പ്രതീക്ഷയായി കോലിയും ശ്രേയസും; ഓസീസിനെതിരെ ഇന്ത്യ 100 കടന്നു

നാഗ്പൂരില്‍ നിന്ന് കെസിഎ ഏര്‍പ്പെടുത്തി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ തിരുവനന്തപുരത്തെത്തിയ കേരളം ടീം അംഗങ്ങൾക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കെസിഎ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് താരങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് കെസിഎ ആസ്ഥാനത്തും താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.

രഞ്ജി ട്രോഫി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു വിദര്‍ഭ മൂന്നാം കിരീടം നേടിയത്. തോല്‍വിയറിയാതെയാണ് ഇരു ടീമും ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഒരു റണ്‍സിന്‍റെയും സെമിയില്‍ രണ്ട് റണ്‍സിന്‍റെയും നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലായിരുന്നു കേരളം ഫൈനലിലെത്തിയത്. ചാമ്പ്യൻമാരായിരുന്ന മുംബൈയെ സെമിയില്‍ തകര്‍ത്തായിരുന്നു വിദര്‍ഭ ഫൈനലിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക